കണ്ണൂർ: കൊവിഡ് പ്രതിസന്ധി തീരും മുൻപേ പ്രളയ പേടിയിലാണ് പറശ്ശിനിക്കടവിലെ 140 ലധികം കച്ചവടക്കാർ. ഇനിയൊരു ഒരു പ്രളയം കൂടി താങ്ങാനുള്ള സാഹചര്യത്തിലല്ല ഇവിടെയുള്ള വ്യാപാരി സമൂഹം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവിടെയുള്ള വ്യപാരസ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി 50 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. മഴ കനക്കുന്നതോടെ അന്നത്തെ അതെ സാഹചര്യം ഉണ്ടാകുമോ എന്ന പേടിയിലും ആശങ്കയിലുമാണ് പറശ്ശിനിക്കടവിലെ വ്യാപാരികളും അവരുടെ കുടുംബവും.
കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ പ്രളയ ഭീതിയിൽ പറശ്ശിനിക്കടവ് - fear floods
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവിടെയുള്ള വ്യപാരസ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി 50 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിരുന്നു.
കൊവിഡ് പകർച്ചവ്യാധി വന്നതോടെ മാർച്ച് മാസം അടച്ച കടകൾ ഇന്നുവരെ തുറക്കാൻ സാധിച്ചിട്ടില്ല. പ്രധാനമായും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങളെ ആശ്രയിച്ച് വ്യപാരം നടത്തുന്ന 140 ഓളം കച്ചവടസ്ഥാപങ്ങളും 24 ഓളം ലോഡ്ജുകളും ഹോട്ടലുകളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കണ്ണൂരിൽ കൊവിഡ് വ്യാപനം കണക്കിലെടുത് അമ്പലവും തുറന്നിട്ടില്ല.
കഴിഞ്ഞ പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടും സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഒരു പരിഗണനയും ഇവർക്ക് ലഭിച്ചിട്ടില്ല. പൂജാസാധങ്ങൾ വിൽക്കുന്ന കടകളിലെ പല സാധങ്ങളും കാലാവധി കഴിഞ്ഞതിനാൽ നശിച്ചുപോയി. മറ്റുള്ളവർ കടകളിൽ നിന്ന് സാധനങ്ങൾ വീടുകളിലേക്ക് മാറ്റി. ഇനിയും തൽ സ്ഥിതി തുടരുകയാണെങ്കിൽ എന്തുചെയ്യുമെന്ന് അറിയാത്ത സ്ഥിതിയിലാണിവർ.