കണ്ണൂർ: പിജെ ആർമി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് പി ജയരാജന്‍. തന്‍റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ച് പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അതിനെ സ്വാധീനിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. താന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽ.ഡി.എഫിന്‍റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
-
നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്....
Posted by P Jayarajan on Saturday, 6 March 2021
കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക സിപിഎം പുറത്തുവിട്ടത്. സാധ്യതാ പട്ടികയില്‍ കണ്ണൂര്‍ നിന്ന് പി ജയരാജനെ പരിഗണിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ പിജെ ആർമി എന്ന പേരിൽ ജയരാജനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പട്ടത്.
അതേസമയം പി. ജയരാജന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് രാജിവെച്ച സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് എൻ ധീരജ് കുമാറിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ചാണ് ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് സി.പി.എം ജില്ലാകമ്മിറ്റി അറിയിച്ചു. പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമാണ് ധീരജ്കുമാർ.