കണ്ണൂർ : വി.സി നിയമനവിവാദത്തിൽ സര്‍ക്കാരിനെതിരെ യു.ഡി.എഫ് നേതാക്കൾ. വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സർക്കാരിൻ്റെ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ താൻ തീരുമാനമെടുത്തതെന്നാണ് ഗവർണറുടെ വെളിപ്പെടുത്തൽ.
വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകാൻ സർക്കാർ ശുപാർശ ചെയ്തത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. കാലടി സർവകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായി തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
ALSO READ:'ഗവർണർ ഒപ്പിട്ടാണ് തന്‍റെ നിയമനം' ; വിശദീകരിക്കേണ്ടത് അദ്ദേഹമെന്നും കണ്ണൂര്‍ വി.സി
അതേസമയം ചാന്‍സലറായ ഗവര്‍ണറെ റബ്ബര്‍ സ്റ്റാമ്പ് ആക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ആരോപിച്ചു. സര്‍വകലാശാലകളുടെ സ്വയം ഭരണത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്കുള്ള ചരമ കുറിപ്പാണ് ഗവര്‍ണറുടെ കത്ത്.
വി.സി നിയമനവിവാദത്തിൽ പ്രതികരണവുമായി എം.എം ഹസന്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍റെ നിസഹായാവസ്ഥയില്‍ ദുഖമുണ്ട്. ഗവര്‍ണര്‍ പരാതിക്കാരന്‍ ആവുകയല്ല, അധികാരങ്ങള്‍ പ്രയോഗിക്കുകയാണ് വേണ്ടത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ട് പദവി ഒഴിയാമെന്ന് പറയണ്ടേ ആളല്ല ഗവര്‍ണര്‍. സര്‍വകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ അധികാരങ്ങള്‍ നിയമവിരുദ്ധമായി കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.