കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ സഹോദരന്‍ ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സാജന്‍റെ സഹോദരൻ പാറയിൽ ശ്രീജിത് കക്ഷി ചേരുന്നത്. സഹോദരനെ ആത്മഹത്യയിലേക്ക് നയിച്ചതില്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പങ്കുണ്ടെന്നും കൺവൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തനിക്കറിയാമെന്നും ഈ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാൻ തന്നെ കേസിൽ കക്ഷിയാക്കണമെന്നുമാണ് ശ്രീജിത് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കുന്നത് വൈകിപ്പിച്ചെന്ന ആരോപണത്തില്‍ നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ കക്ഷിചേരാനുള്ള ശ്രീജിത്തിന്‍റെ തീരുമാനം.
കേസില്‍ കക്ഷി ചേരാനൊരുങ്ങി പ്രവാസി വ്യവസായി സാജന്‍റെ സഹോദരന്‍
ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സാജന്‍റെ സഹോദരൻ പാറയിൽ ശ്രീജിത് കക്ഷി ചേരുന്നത്.
അതെ സമയം കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പട്ട് സർക്കാരിന് നൽകിയ അപേക്ഷയിൽ മറുപടി കാത്തിരിക്കുകയാണ് സാജന്‍റെ കുടുംബം. മറുപടി അനുകൂലമായില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചേക്കും. നിലവിലെ പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. നർക്കോട്ടിക്ക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ കണ്ണൂർ ഡിവൈഎസ്‌പി സമാന്തര അന്വേഷണം നടത്തി എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിലുള്ള അമർഷം അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പിയെ അറിയിച്ചിരുന്നു.
സാജന്‍റെ ആത്മഹത്യ മറ്റ് ചില കാരണങ്ങൾ കൊണ്ടാണെന്ന് വരുത്തി തീർക്കാനാണ് കണ്ണൂർ ഡിവൈഎസ്‌പി സമാന്തര അന്വേഷണം നടത്തിയത് എന്നാണ് ആരോപണം. അതേ സമയം കൺവെൻഷൻ സെന്‍റര്‍ അനുമതിയുമായി ബന്ധപ്പെട്ട വിഷയമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന കണ്ടെത്തലിലാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം. അതേ സമയം കെട്ടിട നിർമ്മാണത്തിൽ നഗരസഭ ചട്ടങ്ങളിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടെന്നും അപേക്ഷകന്‍റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് നിര്‍ണായകമായിരിക്കും.