കേരളം

kerala

'ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ചിട്ടില്ല' ; വാര്‍ത്ത നിഷേധിച്ച് ആകാശ് തില്ലങ്കേരി

By

Published : Jun 28, 2021, 10:40 PM IST

രക്തസാക്ഷിയുടെ വധത്തിലെ പ്രതികളുമായി കൂട്ടുചേര്‍ന്നെന്ന രീതിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് എം ഷാജര്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ആകാശ് തില്ലങ്കേരി.

Not challenged against DYFI Akash Thillankeri denies the news  വാര്‍ത്ത നിഷേധിച്ച് ആകാശ് തില്ലങ്കേരി  Akash thillankery  ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ചിട്ടില്ലെന്ന് ആകാശ് തില്ലങ്കേരി  Akash Thillankeri says not challenged DYFI
'ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ചിട്ടില്ല'; വാര്‍ത്ത നിഷേധിച്ച് ആകാശ് തില്ലങ്കേരി

ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആകാശ് തില്ലങ്കേരി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ആകാശ് ഇക്കാര്യം വസ്തുതാവിരുദ്ധമാണെന്ന് വിശദീകരിച്ചത്. തന്‍റെ പ്രവര്‍ത്തികള്‍ക്ക് പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവന്‍ മാധ്യമങ്ങളോടും താഴ്‌മയായി ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'വരാം തെരുവില്‍, കല്ലെറിഞ്ഞ് കൊന്നോളൂ'

കണ്ണിപ്പൊയില്‍ ബാബു വധക്കേസിലെ പ്രതികളുമായി ആകാശ് കൂട്ടുചേര്‍ന്നെന്ന രീതിയില്‍ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം ഷാജര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ രക്തസാക്ഷികളെ ഒറ്റുകൊടുത്തവര്‍ ആരാണെങ്കിലും അവരുടെ പേരുപറയണം. താന്‍ വെല്ലുവിളിക്കുന്നുവെന്നായിരുന്നു ആകാശിന്‍റെ പ്രതികരണം.

ആ പ്രചാരണം തന്‍റെ പേരില്‍ അഴിച്ചുവിടുന്നവര്‍ അത് തെളിയിക്കുമെങ്കില്‍ തെരുവില്‍ വന്ന് നില്‍ക്കാമെന്നും കല്ലെറിഞ്ഞ് കൊന്നോളൂ എന്നും ഫെയ്‌സ്ബുക്കില്‍ കമന്‍റായി രേഖപ്പെടുത്തിയിരുന്നു. ഇതാണ് വിവാദമായത്. തുടര്‍ന്നാണ് ആകാശ് തില്ലങ്കേരി ഇക്കാര്യം നിഷേധിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്.

ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അനശ്വര രക്തസാക്ഷി സഖാവ് കണ്ണിപ്പൊയില്‍ ബാബുവേട്ടന്‍ വധത്തിലെ പ്രതികളുമായി ഞാന്‍ കൂട്ടുചേര്‍ന്നു എന്നുള്ള രീതിയില്‍ ഉത്തരവാദിത്തപ്പെട്ട ചിലരില്‍ നിന്നുണ്ടായ പ്രതികരണം എനിക്ക് താങ്ങാന്‍ കഴിയുന്നതിലും വലിയ വേദനയാണ് ഉണ്ടാക്കിയത്. ആ ആരോപണം പത്രസമ്മേളനം വിളിച്ച് ഞാന്‍ നിഷേധിക്കും എന്ന രീതിയില്‍ ഒരു കമന്‍റിനു മറുപടി കൊടുത്തത് ‘ ഞാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു , ഭീഷണിപ്പെടുത്തുന്നു ‘ എന്ന രീതിയില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കിയത് കണ്ടു.

ഷുഹൈബ് വധവുമായി പ്രതിചേര്‍ക്കപെട്ടപ്പോള്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഇവിടത്തെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിയാവുന്നതാണ്. എനിക്കെതിരെ ഇപ്പോള്‍ മാധ്യമങ്ങളും, രാഷ്ട്രീയ ശത്രുക്കളും ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളുടെ അന്വേഷണം കഴിയുന്നതോടെ നിങ്ങള്‍ക്ക് ബോധ്യമാകും.

ALSO READ:വടകര പീഡനക്കേസ്: പ്രതികളായ സി.പി.എം നേതാക്കളെ കോടതി റിമാൻഡ് ചെയ്തു

പാര്‍ട്ടി പുറത്താക്കിയ, സ്വതന്ത്ര വ്യക്തിയായ ഞാന്‍ ചെയ്യുന്ന എന്തെങ്കിലും പ്രവര്‍ത്തികള്‍ക്ക് ഞാന്‍ മുന്‍ പാര്‍ട്ടിപ്രവര്‍ത്തകന്‍ ആയിരുന്നതിന്‍റെ പേരില്‍ പാര്‍ട്ടി ഉത്തരവാദിത്തം ഏല്‍കേണ്ട കാര്യവും ഇല്ല.. രക്തസാക്ഷികളെ ഞാന്‍ ഒറ്റു കൊടുത്തു എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് തികച്ചും വസ്തുതാവിരുദ്ധം ആണെന്ന് ഒരിക്കല്‍ കൂടി പറയുകയാണ്.

എന്‍റെ പ്രവര്‍ത്തികള്‍ക്ക് പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവന്‍ മാധ്യമങ്ങളോടും തഴ്മയായ് ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുകയാണ്.നിങ്ങള്‍ എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളൂ, എന്നാല്‍ എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദിത്തം പറയണം എന്ന വാദം ബാലിശമാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു.

ആകാശിന്‍റെ വിവാദമായ ഫെയ്‌സ്ബുക്ക് കമന്‍റ്

അവരെ തെറ്റുപറഞ്ഞിട്ട് കാര്യമില്ല സവാദ്.യുവജന സംഘടനയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്‍റെ കൊലയാളികളുടെ കൂടെ കൊട്ടേഷന്‍ നടത്തി എന്ന് ധ്വനിപ്പിച്ച് പോസ്റ്റുകള്‍ ഇടുമ്പോള്‍ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും.

അതൊരുതരം വൈകാരികത ഇളക്കി വിടലാണ്.ബോധപൂര്‍വ്വം അത് നിര്‍മ്മിച്ചെടുത്തത് ആണ്.എന്നെ അടുത്തറിയുന്നവര്‍ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ആവുമ്പോള്‍ അതില്‍ ആധികാരികത ഉണ്ടെന്ന് അവര്‍ ധരിച്ചുപോകും.

അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവര്‍ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം.ഞാന്‍ വെല്ലുവിളിക്കുന്നു ആ പ്രചാരണം എന്‍റെ പേരില്‍ അഴിച്ചുവിടുന്നവരെ. ഞാനത് ചെയ്‌തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം,നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ.

അതില്‍ കുറഞ്ഞ ശിക്ഷ ഒന്നും പാര്‍ട്ടിയെ ഒറ്റുകൊടുത്തവന് കല്‍പ്പിക്കാന്‍ ഇല്ല. ഇതുപോലുള്ള നുണപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവര്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും.

പാര്‍ട്ടി ഷുഹൈബ് കേസില്‍ പ്രതിചേര്‍ക്കപെട്ടപ്പോള്‍ എന്നെ പുറത്താക്കിയതാണ്.അത് എനിക്കും നിങ്ങള്‍ക്കും പാര്‍ട്ടിക്കും എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്..അന്ന് മുതല്‍ ഞാന്‍ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഏല്‍ല്‍ക്കേണ്ട ബാധ്യത ഇല്ല..

അതൊരു വസ്തുതയാണ്..എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.

For All Latest Updates

ABOUT THE AUTHOR

...view details