കണ്ണൂര്‍ : മാനന്തവാടിക്കടുത്ത കുഴിനിലത്തെ നൈസ് റെസ്‌റ്റൊറന്‍റില്‍ (Nice Restaurant In Kuzhinilam) തിരക്കോട് തിരക്കാണ്. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ രുചി ഭേദമറിയാന്‍ ഇവിടെ എത്തുന്നത് തദ്ദേശീയര്‍ മാത്രമല്ല, വയനാട് കാണാനെത്തുന്ന സഞ്ചാരികള്‍ കൂടിയാണ്. മാനന്തവാടി-തലശ്ശേരി റോഡില്‍ പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ചതാണ് ഈ റെസ്‌റ്റൊറന്‍റ്.
ഇവിടെ എത്തുന്നവര്‍ ഭക്ഷണം കഴിച്ച് ഏതെങ്കിലും വിഭവത്തിന് പോരായ്‌മയോ രുചിക്കുറവോ ഉണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ മടിക്കേണ്ടതില്ല. മണിക്കൂറുകള്‍ കൊണ്ട് അതിന് പരിഹാരം നല്‍കാന്‍ ഉടമ മുതല്‍ അടുക്കളക്കാര്‍ വരെ ഒരുക്കമാണ്. ഭക്ഷണം കഴിച്ച് മടങ്ങുന്നവരോട് എങ്ങിനെയുണ്ട് എന്ന ചോദ്യം പണം വാങ്ങുന്നതിന് മുമ്പ് ഹോട്ടലുടമ പ്രസാദ് ചോദിക്കും.
കുരുമുളകും കാന്താരിയും ചേര്‍ത്ത താറാവ് റോസ്റ്റും മുയല്‍ ഇറച്ചി വരട്ടിയതും കഴിച്ചാല്‍ രുചിയുടെ സ്വര്‍ഗത്തിലെത്തും. മറ്റ് വിഭവങ്ങളുടെ രുചിയും ഒന്നിനൊന്ന് മെച്ചം. നൈസിലെത്തുന്നവര്‍ക്ക് വയര്‍ മാത്രമല്ല മനസും നിറയും.
രാസവസ്‌തുക്കളുള്ള പൊടികളൊന്നും നൈസില്‍ ഉപയോഗിക്കാറില്ല. മുളകും മല്ലിയും വാങ്ങുന്നത് വര്‍ഷങ്ങളോളം ബന്ധമുള്ള മൈസൂരിലെ സ്ഥാപനത്തില്‍ നിന്നാണ്. ഇവയെല്ലാം വാങ്ങി വൃത്തിയാക്കി മില്ലില്‍ കൊണ്ടുപോയി പൊടിച്ചാണ് ചേരുവകളില്‍ ചേര്‍ക്കുന്നത്.
കര്‍ണാടകയില്‍ നിന്നും കൊണ്ടു വരുന്ന കുത്തരിയാണ് ചോറിനായി ഉപയോഗിക്കുന്നത്. അതിന്‍റെ വേവും കാര്യവുമെല്ലാം നൈസിന്‍റെ സ്വകാര്യതയാണ്. വിഭിന്നമായ അഭിരുചിക്കാരെ തൃപ്‌തിപ്പെടുത്താന്‍ പാകത്തിനാണ് ഇവിടെ ഭക്ഷണം ഒരുക്കുന്നത്.
പ്രഭാത ഭക്ഷണമായി കള്ളപ്പം, നൂല്‍പ്പുട്ട്, പുട്ട്, പത്തിരി, ചപ്പാത്തി, പൊറോട്ട എന്നിവയാണ് പ്രധാനം. കൂട്ടായി കടല, ചെറുപയര്‍, സ്റ്റ്യൂ, പനീര്‍ മസാല, നോണ്‍ വെജ് ഐറ്റങ്ങളും നിരവധി. മുന്നൂറിലേറെ പേര്‍ പ്രഭാത ഭക്ഷണത്തിനായി എന്നും എത്തുന്നു. കൂടുതലും യാത്രികരാണ്. ഉച്ചക്ക് ഇല സദ്യയും വടക്കേ മലബാറിലെ തനത് മീന്‍ കറിയും ചോറും റെഡിയാണ്.