കണ്ണൂര്‍: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പുതിയ പാലം നിർമ്മിക്കുന്ന തളിപ്പറമ്പ് കുപ്പത്ത് ഭൂമി പരിശോധനയ്ക്കായി പൈലിങ് തുടങ്ങിയതോടെ ആശങ്കയുമായി പ്രദേശവാസികൾ രംഗത്ത്. ഇതിന്‍റെ പ്രകമ്പനം കാരണം വീടുകളിൽ താമസിക്കാൻ കഴിയുന്നില്ലെന്നും മാറ്റി താമസിപ്പിക്കണമെന്നുമാണ് മൂന്ന് കുടുംബങ്ങളുടെ ആവശ്യം. ചുമരുകളിൽ വിള്ളലുകൾ വീണതോടെ വീട് തകർന്നു വീഴുമോയെന്ന ആശങ്കയിലാണിവർ.
കുപ്പത്തെ നിലവിലുള്ള പാലത്തിനോട് ചേർന്നാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിന്‍റെ ഭൂമി പരിശോധനയുടെ ഭാഗമായി വ്യാഴാഴ്‌ച പൈലിങ് പ്രവർത്തി തുടങ്ങിയതോടെയാണ് സമീപത്തെ വീടുകളിൽ പ്രകമ്പനം അനുഭവപ്പെടാൻ തുടങ്ങിയത്. വീടിന് വിള്ളലുകൾ വീഴുകയും കോൺക്രീറ്റ് അടർന്നു വീഴുകയും ചെയ്‌തതോടെ നാട്ടുകാർ ഇടപെട്ട് പൈലിങ് നിർത്തി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു.