പയ്യന്നൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം പ്രായമായ ആൺകുട്ടിയാണ് മരണപ്പെട്ടത്. ബുധനാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി കണ്ടതിനെതുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് മരണമടഞ്ഞത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അടുത്തിടെ ഇടുക്കിയിലെ നെടുങ്കണ്ടം കരുണാപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്‍- ടിനോള്‍ ദമ്പതികളുടെ രണ്ടര മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയായിരുന്നു മരിച്ചത്. മാതാവ് ടിനോള്‍ മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് പെട്ടെന്ന് അസ്വസ്ഥതയും ശ്വാസ തടസവുമുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
നവജാത ശിശുവിന്‍റെ ജീവന്‍ രക്ഷിച്ച് വനിത പൊലീസ്: കഴിഞ്ഞ ഒക്‌ടോബറില്‍ അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ വനിത പൊലീസ് ഉദ്യോഗസ്ഥയെ സംസ്ഥാന പൊലീസ് മേധാവി ആദരിച്ചിരുന്നു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിനാണ് പൊലീസ് ഉദ്യോഗസ്ഥയായ എം.ആര്‍ രമ്യ മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ചത്. ഇതറിഞ്ഞ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയായിരുന്നു.
സംഭവദിവസം പകലാണ് 22 വയസുളള യുവതി കുഞ്ഞിനെ കാണാനില്ലെന്ന പരാതി ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കുന്നത്. പരസ്പരമുളള തര്‍ക്കത്തെത്തുടര്‍ന്ന് കുട്ടിയെ അച്ഛന്‍, കുഞ്ഞിനെ അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റുകയായിരുന്നുവെന്നായിരുന്നു പരാതി. പരാതി സ്വീകരിച്ച പൊലീസ് പിതാവ് കുഞ്ഞുമായി ബെംഗളൂരുവിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തിലെത്തി. ഇതോടെ വയനാട് അതിര്‍ത്തിയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനയിലാണ് കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുല്‍ത്താന്‍ ബത്തേരി പൊലീസ് കണ്ടെത്തുന്നത്. ഈ സമയത്താണ് മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാത ശിശുവിനെ പൊലീസ് സംഘം അതിവേഗം ആശുപത്രിയിലെത്തിക്കുന്നതും രമ്യ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതും. ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതുകയും ചെയ്‌തിരുന്നു. രമ്യയ്ക്ക് നല്‍കാനായി ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും പൊലീസ് മേധാവി അനില്‍കാന്ത് രമ്യയ്ക്ക് സമ്മാനിച്ചിരുന്നു.