കണ്ണൂര്‍:പരിയാരത്ത് ദേശീയപാത വികസനത്തിന് സ്ഥലംവിട്ടു കൊടുത്ത നിരവധി കുടുംബങ്ങള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല . നവംബറിൽ പല കുടുംബങ്ങൾക്കും പണം നൽകിയെങ്കിലും ഒരുവിഭാഗത്തിന് ഇനിയും ഫണ്ട് നൽകിയില്ല. സംസ്ഥാന സർക്കാരിൽ നിന്നും കിട്ടാനുള്ള 25 ശതമാനം തുക ലഭിക്കാത്തതാണ് നഷ്ടപരിഹാരം നൽകാൻ വൈകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിദശീകരണം. അതേസമയം പണം നല്‍കുന്നത് ഇനിയും വൈകിയാല്‍ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികള്‍ ആഹ്വാനം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.
ദേശീയ പാത വികസനം; പരിയാരത്ത് നഷ്ടപരിഹാരം ലഭിക്കാതെ ഒട്ടേറെ കുടുംബങ്ങള്‍ - national highway
നഷ്ടപരിഹാരം തരുന്നത് ഇനിയും വൈകിയാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രദേശവാസികള്‍.
2014 മുതൽ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കൽ നടപടിയാരംഭിച്ചപ്പോൾ കാര്യമായ തടസവാദങ്ങള്‍ പരിയാരത്തുള്ളവര്‍ ഉന്നയിച്ചിട്ടില്ല. നഷ്ടപരിഹാരത്തിനായി ഇവർ തളിപ്പറമ്പിലെ ദേശീയപാത സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ എൽ.എ ഓഫീസിൽ അന്വേഷിച്ചപ്പോള്‍ അനുവദിച്ച 75 ശതമാനം കേന്ദ്ര ഫണ്ട് കുറ്റിക്കോൽ ഭാഗത്തുള്ളവർക്ക് നൽകിയെന്നും സംസ്ഥാന സർക്കാരിൽ നിന്നും ബാക്കിയുള്ള 25 ശതമാനം തുക ലഭിച്ചില്ലെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം.
ദേശീയപാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കലുമായി ബന്ധപ്പെട്ട് യഥാർഥ ഭൂരേഖയുൾപ്പെടെ ദേശീയപാത വിഭാഗം ഓഫീസിലേൽപ്പിച്ചിട്ട് ഇരുപത് മാസത്തിലേറെയായി. വികസനത്തോടൊപ്പം നിൽക്കുമ്പോൾ നഷ്ടപരിഹാരം വേഗത്തിലുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥലമുടമകൾ. വീടും സ്ഥലവും വിട്ടുനൽകിയവർ താമസം മാറാൻ ഒരുങ്ങിനിൽക്കുകയാണ്. ചിലർ വായ്‌പയെടുത്തും മറ്റും പുതിയ സ്ഥലം വാങ്ങുകയും വീടുനിർമാണമാരംഭിക്കുകയും ചെയ്‌തു. വ്യാപാരസ്ഥാപനങ്ങളുൾപ്പെടെ നഷ്ടപ്പെടുന്നവർ ഭാവിപരിപാടികൾ ആസൂത്രണം ചെയ്‌ത് പണം മുടക്കി പാതിവഴിയിലായിരിക്കുകയുമാണ്. നവംബറോടെ സ്ഥലമെടുപ്പ് വേഗത്തിലാക്കുമെന്നും ഫണ്ട് എത്തുമെന്നുമാണ് ദേശീയപാത അതോറിറ്റി അധികൃതർ നല്‍കിയ വിശദീകരണം.