കണ്ണൂര്‍: പഞ്ചായത്തംഗമായ എൻ പി സലീനയെ അയോഗ്യയാക്കണമെന്ന് നടപടി നിയമവിരുദ്ധമാണെന്ന സിപിഐഎം നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ പിലാത്തറ അപ്പർ പ്രൈമറി സ്കൂളിൽ കള്ളവോട്ട ചെയ്തതിന് സിപിഎം പഞ്ചായത്തംഗം എൻ.പി. സലീനയെ അയോഗ്യയാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ശുപാർശ ചെയ്തിരുന്നു. ടിക്കാറാം മീണയുടെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഈ സാഹചര്യത്തില്‍ എംവി ജയരാജൻ പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പരാമർശം.
ടിക്കാറാം മീണയുടെ നടപടി നിയമവിരുദ്ധമെന്ന് തെളിഞ്ഞു; എംവി ജയരാജൻ
ടിക്കാറാം മീണയുടെ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ സാഹചര്യത്തില്‍ സിപിഎം പ്രതികരിക്കുന്നു...
ജനങ്ങൾ തെരഞ്ഞെടുക്കുന്ന പഞ്ചായത്ത‌് അംഗത്തെ അയോഗ്യയാക്കണമെങ്കിൽ നിയമം അനുശാസിക്കുന്ന ചില നടപടിക്രമങ്ങളുണ്ട‌്. അത് ടീക്കാറാം മീണ പാലിച്ചില്ല. എൻ പി സലീന കള്ളവോട്ട് ചെയ്തെന്ന കള്ളവാർത്ത പ്രചരിച്ച മാധ്യമങ്ങളും നിയമവിരുദ്ധ നടപടി സ്വീകരിച്ച മീണയും ജനങ്ങളോട് മറുപടി പറയണമെന്നും പ്രസ്താവനയിൽ പറയുന്നു.
അയോഗ്യയാക്കുമെന്ന പ്രഖ്യാപനത്തിനു ശേഷമാണ‌് താൻ ചെയ്തത് കള്ളവോട്ടല്ല സഹായി വോട്ടാണെന്ന് കലക്ടർ മുമ്പാകെ തെരളിവു സഹിതം സലീന മൊഴി നൽകിയത‌്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അധികാരത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍റെ ഉദ്യോഗസ്ഥ വിഭാഗം കടന്നു കയറുന്നത‌് ഭരണഘടനാ വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.