എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നു കണ്ണൂർ:കോൺഗ്രസ്-ലീഗ്-വെൽഫെയർ പാർട്ടി ത്രയത്തിന്‍റെ ഒത്താശയോടെയാണ് ജമാഅത്തെ ഇസ്‌ലാമി - ആർഎസ്എസ് ചർച്ച നടന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം ആരോപണം ശരിവയ്ക്കുന്നതാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ ഇന്നലെ നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഏതോ മുസ്‌ലിം സംഘടനകൾ ആർഎസ്എസുമായി ചർച്ച നടത്തിയതിന് ഞങ്ങൾക്ക് എന്ത് കാര്യം എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം ചർച്ച നടത്തിയതിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകലാണ് എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങളെ വംശഹത്യയ്ക്ക് വിധേയമാക്കണമെന്നും ഉന്മൂലനം ചെയ്യണമെന്നും പറയുന്ന സംഘടനയുമായി ജമാഅത്തെ ഇസ്‌ലാമി ചർച്ച നടത്തുന്നതില്‍ എന്ത് കുഴപ്പമാണുള്ളത് എന്നാണ് വിഡി സതീശൻ ചോദിക്കുന്നത്. ഇത് കെപിസിസിയുടെ മൃദു ഹിന്ദുത്വ നയമാണ് വ്യക്തമാക്കുന്നത്. ഭരണ പരാജയങ്ങൾ മറച്ചുവയ്‌ക്കാനുള്ള അനാവശ്യ വിവാദം ആണിത് എന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അതായത് ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന് ലീഗും പറയുന്നു.
More Read:- ആര്‍എസ്‌എസ് - ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചാവിവാദം: ആര് വിതച്ചു? ആര് കൊയ്തു?
കേരളത്തിലെ കോൺഗ്രസുകാരും ലീഗും ഒരുപോലെ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് ആർഎസ്എസ് ആയിരിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ പല ഉഭയകക്ഷി സർവകക്ഷി യോഗങ്ങളും നടന്നിട്ടുണ്ട്. അതിൽ സിപിഎമ്മും ആർഎസ്എസും ഭാഗമായി രഹസ്യ യോഗം എവിടെയും നടന്നിട്ടില്ല. ഇതിന്‍റെ ഭാഗമായി സമാധാനം സ്ഥാപിക്കാൻ കഴിഞ്ഞു. വർഗീയ നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കില്ല എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വിശ്വാസികൾ തന്നെ ക്ഷേത്ര ഭരണം നടത്തണമെന്ന ഹൈക്കോടതി വിധിയേയും സിപിഎം സ്വാഗതം ചെയ്‌തു. കോടതി വിധി സിപിഎം അംഗീകരിക്കുന്നു. സിപിഎമ്മോ ആർഎസ്എസോ അമ്പലം ഭരിക്കേണ്ട ആവശ്യം ഇല്ല എന്നും ആദ്ദേഹം കൂട്ടി ചേർത്തു. വർഗീതയ്ക്കും കേന്ദ്ര സർക്കാറിന്‍റെ ജന വിരുദ്ധ നയങ്ങൾക്കും എതിരെ എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂർ ജില്ലയിൽ രണ്ടാം ദിനവും പുരോഗമിക്കുകയാണ്.