കണ്ണൂർ: ചോര മണക്കുന്ന കഠാരയും വർഗ്ഗീയ വിഷവുമായി നിൽക്കുന്ന എസ്‌ഡിപിഐ മതേതര കേരളത്തിന് ആപത്തെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വർഗ്ഗീയക്കൂട്ടത്തെ ഒറ്റപ്പെടുത്താൻ കേരള സമൂഹം ഒന്നിക്കണം. കൊലക്കത്തി കൊണ്ട് കോൺഗ്രസിനെ തളർത്താമെന്ന വ്യാമോഹം കേരളത്തിൽ നടപ്പില്ലെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ പറഞ്ഞു. ചാവക്കാട് പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും കോൺഗ്രസ് പ്രവർത്തകരായ വിഭീഷ്, നിഷാദ്, സുരേഷ് എന്നിവരെ ക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തത് എസ്‌ഡിപിഐ ആണെന്ന് വ്യക്തമായി കഴിഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കൾ എസ്‌ഡിപിഐക്ക് എതിരെ പ്രതികരിക്കാതിരിക്കുന്നത് അവരുമായി ബന്ധമുളളത് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം കൊടിയ കുറ്റബോധത്തിൽ നിന്നുളള ശുദ്ധ അസംബന്ധമാണ്. അഭിമന്യുവിനെ കുത്തി വീഴ്ത്തിയവർക്ക് കുട പിടിക്കുന്ന സിപിഎമ്മിനും സർക്കാരിനും ഇങ്ങനെയേ പ്രതികരിക്കാനാവൂ അവരെ കുറ്റം പറയാനാവില്ല. അഭിമന്യുവിന്‍റെ കൊലയാളികളെ പോലെ നൗഷാദിന്‍റെ കൊലയാളികളെയും സംരക്ഷിക്കാനാണ് സർക്കാർ തീരുമാനം എങ്കിൽ അതിശക്തമായ പ്രതിഷേധം കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മുല്ലപ്പള്ളി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ചോര മണക്കുന്ന കഠാരയും വർഗ്ഗീയ വിഷവുമായി നിൽക്കുന്ന എസ് ഡി പി ഐ മതേതര കേരളത്തിന് ആപത്ത്.
കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വർഗ്ഗീയക്കൂട്ടത്തെ ഒറ്റപ്പെടുത്താൻ കേരള സമൂഹം ഒന്നിക്കണം. കൊലക്കത്തി കൊണ്ട് കോൺഗ്രസിനെ തളർത്താമെന്ന വ്യാമോഹം കേരളത്തിൽ നടപ്പില്ലെന്നും ഞാൻ ഓർമ്മിപ്പിക്കുന്നു.
ചാവക്കാട് പുന്നയിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും കോൺഗ്രസ് പ്രവർത്തകരായ വിഭീഷ്, നിഷാദ്, സുരേഷ് എന്നിവരെ ക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത് എസ് ഡി പി ഐ ആണെന്ന് വ്യക്തമായി കഴിഞ്ഞു. ഈ വിഷയത്തിൽ ഇന്നു രാവിലെ തന്നെ മാധ്യമങ്ങൾ വഴി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഇത് രാഷ്ട്രീയ കൊലപാതകം ആണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംഭവം അറിഞ്ഞ ഉടനെ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ജോസ് വെള്ളുരിനെയും അതോടൊപ്പം ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഷാനവാസിനേയും ഞാൻ ബന്ധപെടുകയുണ്ടായി.
അതിനു ശേഷമാണ് കെപിസിസി ഓഫീസിൽ വെച്ച് കേരളത്തിലെ മുഴുവൻ മാധ്യമങ്ങളെയും ഞാൻ നേരിൽ കണ്ടത്. അതോടൊപ്പം ഏറ്റവും പ്രമുഖമായ മൂന്ന് ഇംഗ്ലീഷ് ചാനലും എന്‍റെ പ്രതികരണം അറിയാൻ എത്തിയിരുന്നു. എനിക്ക് കിട്ടിയ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവാദപ്പെട്ട ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ജാഗ്രതയോട് കൂടി പ്രതികരിച്ചത്.
മറ്റ് കേന്ദ്രങ്ങളിലും ഇത് സംബന്ധിച്ച് ഞാൻ നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്‌തമായ സൂചന തരാൻ അവരാരും തയ്യാറായില്ല.
കേരളത്തിലെ ക്രമസമാധാന നില തകർന്നു എന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി ആയെന്നും അക്രമം തടയുന്നതിൽ പൊലീസിന്‍റെ ഭാഗത്തെ ഗുരുതര വീഴ്ച അന്വേഷിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു.