കണ്ണൂർ: എംഎസ്‌പി ക്യാമ്പ് എസ്ഐ ആയിരുന്ന തളിപ്പറമ്പ് സ്വദേശി മനോജ് കുമാറിന്‍റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. മേലുദ്യോഗസ്ഥൻ വായ്പാ തിരിച്ചടവിന്‍റെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിച്ചു. മനോജിനെ അപായപ്പെടുത്തിയതാണോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിദ്യ മുഖ്യമന്ത്രിക്ക് പരാതി നൽകി.
എംഎസ്പി ക്യാമ്പ് എസ്ഐയുടെ മരണം; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ
ആഗസ്ത് 19 ന് രാവിലെ 11 മണിക്കാണ് മലപ്പുറം എംഎസ്‌പി ക്യാമ്പിലെ ക്വാർട്ടേഴ്സിൽ മനോജ് കുമാറിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ മനോജിനെ അപായപ്പെടുത്തിയതാണോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിദ്യ മുഖ്യമന്ത്രിക്ക് പരാതി നൽകി.
പാലക്കാട് സ്വദേശിയായ മേലുദ്യോഗസ്ഥൻ മനോജിനെ നിർബന്ധിപ്പിച്ച് ജാമ്യക്കാരനാക്കി ലോൺ എടുത്തിരുന്നു. എന്നാൽ 31 മാസമായി ആ ഉദ്യോഗസ്ഥൻ ലോൺ അടച്ചിരുന്നില്ല. പകരം ജാമ്യക്കാരനായ മനോജിന്‍റെ ശമ്പളത്തിൽ നിന്നായിരുന്നു അത് പിടിച്ചിരുന്നത്. ഇതേക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ പെൻഷൻ കിട്ടാതെ വിരമിക്കേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരമായ ഈ മാനസിക പീഡനം മരണത്തിലേക്ക് നയിച്ചു. മനോജ് ധരിച്ചിരുന്ന ഏറ്റവും പുതിയ വാച്ച് തകർന്ന നിലയിലായിരുന്നു. അദ്ദേഹം മരിച്ച ശേഷം ഡയറി കണ്ടുകിട്ടിയില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് കുടുംബാംഗങ്ങൾക്ക് നൽകിയില്ല. മരിച്ച് അമ്പത് ദിവസം കഴിഞ്ഞിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകാതെ പൊലീസ് മറച്ചു വെക്കുകയാണെന്നും മനോജിന്‍റെ സഹോദരീ ഭർത്താവ് കെ രവീന്ദ്രൻ കുറ്റപ്പെടുത്തി.