കണ്ണൂര്‍: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയാണ്. രാത്രിയോടെ കണ്ണൂരിലെത്തുന്ന മൃതദേഹം എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും.
read more: പരിചയം ഇൻസ്റ്റഗ്രാമിലൂടെ, ശല്യമായതോടെ പൊലീസില്‍ പരാതി; കൊലയ്ക്ക് പിന്നില്‍ വൈരാഗ്യം
തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. രാഖിലിന്‍റെ മൃതദേഹം രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്കാരം രാവിലെ പിണറായിയിലെ ശമ്ശനാത്തില്‍ നടക്കും. കഴിഞ്ഞ ദിവസമാണ് ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസയെ സുഹൃത്തായ രാഖില്‍ തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു.
read more: കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
മാനസയെ വെടിവച്ച് കൊലപ്പെടുത്താന്‍ രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ, അന്വേഷണം കേരളത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിച്ചു. ജുലൈ 12ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖിൽ പോയതിന്‍റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.