കണ്ണൂർ: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ പേരിലുള്ള കണ്ണൂരിലെ ഹോട്ടൽ മുറി ഇനി നിത്യസ്മാരകം. ബ്ലൂ നൈൽ ഹോട്ടലിലെ മറഡോണ സ്യൂട്ടാണ് ഫുട്ബോൾ ഇതിഹാസത്തിനായി ഉടമ സമർപ്പിച്ചിരിക്കുന്നത്. 2012 ഒക്ടോബർ 23ന് മറഡോണ കണ്ണൂരിലെത്തിയപ്പോൾ താമസിച്ചിരുന്നത് ഈ 309 ആം നമ്പർ മുറിയിലായിരുന്നു. ആ രണ്ടു ദിവസവും മറഡോണ താമസിച്ചത് ബ്ലൂ നൈൽ ഹോട്ടലിലെ ഈ മുറിയിലായിരുന്നു.
കണ്ണൂരിലെ മറഡോണയുടെ പേരിലുള്ള ഹോട്ടൽ മുറി ഇനി സ്‌മാരകം
ബ്ലൂ നൈൽ ഹോട്ടലിലെ മറഡോണ സ്യൂട്ടാണ് ഫുട്ബോൾ ഇതിഹാസത്തിനായി ഉടമ സമർപ്പിച്ചിരിക്കുന്നത്.
അന്ന് മറഡോണ അവിടം വിട്ടു പോയെങ്കിലും അദ്ദേഹത്തിന്‍റെ ഇതിഹാസ സ്പർശം ആ മുറിയിൽ അലിഞ്ഞു ചേർന്നു. പിന്നീട് ആ മുറി മറഡോണയുടെ പേരിലായി. അന്ന് ഫുട്ബോൾ ഇതിഹാസം ഉപയോഗിച്ച എല്ലാ വസ്‌തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. താരം വലിച്ച ചുരുട്ടും, കഴിച്ച ചെമ്മീന്‍റെ തൊണ്ടുമൊക്കെ ഫ്രെയിം ചെയ്താണ് ഈ മുറിയിൽ സൂക്ഷിച്ചിരിക്കുന്നത്. മറഡോണ ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ, ബെഡ് ഷീറ്റ്, ടോയ്‌ലറ്റ് സോപ്പുകൾ തുടങ്ങി എല്ലാ വസ്‌തുക്കളും ഫ്രെയിം ചെയ്തു സൂക്ഷിക്കാൻ മുൻകൈയെടുത്തത് ഹോട്ടൽ ഉടമയായ രവീന്ദ്രനാണ്. ഇതിഹാസം ഒപ്പിട്ട് നൽകിയ ബോളുകൾ അദ്ദേഹത്തിന് വിലമതിക്കാനാവാത്ത നിധിയാണെന്ന് ഹോട്ടൽ ഉടമയായ രവീന്ദ്രൻ പറയുന്നു.