കണ്ണൂര്‍: യുഎഇ ദേശീയ ടീമിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി നായകൻ. കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപോയിൽ പുതിയപുരയിൽ റിസ്‌വാൻ റഊഫിനെയാണ് ടീം നായകനായി തെരഞ്ഞെടുത്തത്. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ റിസ്‌വാൻ യുഎഇയെ നയിക്കും.
യോഗ്യത നേടിയാൽ ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ, പാകിസ്ഥാൻ ടീമുകൾക്കെതിരെ യുഎഇക്ക് മത്സരിക്കാൻ കഴിയും. റിസ്വാന് പുറമെ മലയാളി താരങ്ങളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരമായ റിസ്‌വാൻ റഊഫ് തലശേരി സ്വദേശി അബ്ദുറഊഫിന്‍റെയും നസ്രീൻ റഊഫിന്‍റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ.
കുടുംബ സമേതം യുഎഇയിലാണ് താമസം. കഴിഞ്ഞ വർഷം ജനുവരി എട്ടിന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് അടിച്ചെടുത്ത റിസ്വാന്റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2019ൽ നേപ്പാളിനെതിരെയാണ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. ഇതേ പരമ്പരയിൽ തന്നെ ടി20യിലും വരവറിയിച്ചു.
29 ഏകദിനങ്ങളിലായി 736 റൺസ് സ്വന്തമാക്കി. ഏഴ് ടി20യിൽ 100 റൺസാണ് സാമ്പാദ്യം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ബൗളർ കൂടിയാണ് റിസ്‌വാൻ. കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദും കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവും ടീമിലുണ്ട്. യു.എ.ഇ അണ്ടർ 19 ടീം നായകനായിരുന്നു അലിഷാൻ. സ്കോട്ടലൻഡിനെതിരായ കഴിഞ്ഞ ടൂർണമെന്‍റിലെ മികച്ച പ്രകടനമാണ് ഇവരെ വീണ്ടും ടീമിലെത്തിച്ചത്.