കണ്ണൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട മാഹി സ്‌പിന്നിങ് മിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സമരം 225 ദിവസം പിന്നിട്ടിരിക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മിൽ തുറക്കുന്നത് വരെ ഗേറ്റ് ഉപരോധിക്കാനും എൻ.ടി.സി ഉദ്യോസ്ഥരെ അടക്കം ആരെയും ഉളളിലേക്ക് കയറ്റില്ല എന്ന നിലപാടിലാണ് തൊഴിലാളികൾ.
ഒരു വർഷം കഴിഞ്ഞിട്ടും എന്ന് തുറന്നു പ്രവർത്തിക്കും എന്നറിയാതെ ദുരിതം അനുഭവിക്കുകയാണ് മാഹി സ്‌പിന്നിങ് മില്ലിലെ തൊഴിലാളികൾ. മാർച്ച് 31നകം മിൽ തുറന്നു തുറന്നു പ്രവർത്തിക്കുമെന്ന കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഉറപ്പ് അസ്ഥാനത്തായപ്പോൾ തൊഴിലാളികളുടെ അവസാന പ്രതീക്ഷയും ഇന്ന് അസ്‌തമിച്ചിരിക്കുകയാണ്. കൊവിഡിനെ തുടർന്ന് 2020 മാർച്ച് 21നാണ് മിൽ അടച്ചത്. മിൽ എത്രയും വേഗം തുറന്നു പ്രവർത്തിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ നടന്നു വരുന്ന സമരം 225 ദിവസം പിന്നിടുമ്പോഴും തൊഴിലാളികളുടെ ആശങ്ക വിട്ടൊഴിയുന്നില്ല.