ഓര്‍മകളില്‍ ഒളിമങ്ങാതെ ബ്രണ്ണണ്‍ സായിപ്പ് കണ്ണൂര്‍: കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി കേരള ജനതക്കിടയില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് എഡ്വേര്‍ഡ് ബ്രണ്ണന്‍. തലശേരിക്കാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തിനിട്ട പേരാണ് ബ്രണ്ണന്‍ സായിപ്പ്. നൂറ്റാണ്ടിനിപ്പുറവും മലബാറിന്‍റെ മണ്ണില്‍ ഒളിമങ്ങാതെ തിളങ്ങുന്ന അദ്ദേഹത്തിന്‍റെ ഓര്‍മകളെ മറക്കാനാകില്ല തലശേരിക്കാര്‍ക്ക്.
അദ്ദേഹം കഥാവശേഷനായിട്ട് ഒന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ബ്രണ്ണന്‍ എന്ന പേര് ഇന്നും തലശ്ശേരിക്കൊപ്പം ചേര്‍ത്ത് വായിക്കാം. തലശ്ശേരിയെ മാതൃതുല്യം സ്‌നേഹിച്ച ബ്രണ്ണന്‍ പോയ തലമുറക്ക് ഇംഗ്ലീഷ് പഠിക്കാന്‍ പ്രചോദനം നല്‍കിയ മഹാനായിരുന്നു.
ചരിത്രത്തില്‍ അദ്ദേഹം ഇപ്പോള്‍ ഒരു വനപുഷ്‌പമാണ്. എന്നാല്‍ പുതിയ തലമുറയോട് ചോദിക്കൂ ? ബ്രണ്ണന്‍ സ്‌കൂള്‍ സ്ഥാപിച്ച ബ്രണ്ണന്‍ കോളജ് എന്ന കലാലയം ഉണ്ടാവാന്‍ കാരണഭൂതനായ മനുഷ്യ സ്‌നേഹി എവിടെയാണ് അന്ത്യ വിശ്രമം കൊള്ളുന്നതെന്ന്. അപരിചിതത്വത്തിന്‍റെ അവ്യക്ത സ്വരങ്ങള്‍ മാത്രമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി. തലശ്ശേരി കോട്ടക്ക് തൊട്ട് പിറകില്‍ കടല്‍ തീരത്തിനോട് അതിര്‍ വരമ്പിടുന്ന ഇംഗ്ലീഷ് പള്ളിയുടെ സെമിത്തേരിയിലാണ് ആ മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്നത്.
പള്ളിമുറ്റത്ത് നിന്നും സെമിത്തേരിയിലേക്ക് പുല്‍പ്പടര്‍പ്പിലൂടെ നടന്നാല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിലും വാണിജ്യത്തിലും ചുക്കാന്‍ പിടിച്ച നിരവധി ഇംഗ്ലീഷുകാരുടെ ശവകുടീരങ്ങള്‍ കാണാം. അതിനിടെയുള്ള കാട്ടുവള്ളികള്‍ വകഞ്ഞു മാറ്റിയാല്‍ കൃഷ്‌ണ ശിലയില്‍ എഡ്വേര്‍ഡ് ബ്രണ്ണന്‍റെ ശവക്കല്ലറ കാണാം. അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു.
IN MEMORY OF EDWARD BRENNEN Esq.
MANY YEARS MASTER ATTENDANT
OF TELLICHERY HE DIED 2nd OCT. 1859
AGED 75 HE WAS ONE OF GODS NOBLEST
WORKS IN INDIA A STERLING UPRIGHT
ENGLISH MAN
ബ്രണ്ണന്‍ തലശേരിക്കാരില്‍ ഒരുവനായത് ഇങ്ങനെ:1784ല്‍ ലണ്ടനിലാണ്എഡ്വേര്‍ഡ് ബ്രണ്ണന്‍റെ ജനനം. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് ബ്രണ്ണന്‍ തലശ്ശേരിക്കാരുടെ ബ്രണ്ണന്‍ സായിപ്പായത്. 1810 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ചേര്‍ന്ന ബ്രണ്ണന്‍ സായിപ്പ് അവരുടെ സഹകമ്പനിയായ ബോംബെ മറൈന്‍ സര്‍വീസസിലേക്ക് മാറി. കപ്പലിലെ കപ്പിത്താനായിരുന്നു ബ്രണ്ണന്‍. ഒരു ദിവസം സഞ്ചരിച്ച് കൊണ്ടിരിക്കെ കപ്പല്‍ തലശേരിക്കടുത്ത് വച്ച് തകര്‍ന്നു.
കപ്പലിലുണ്ടായിരുന്നവരെല്ലാം അപകടത്തില്‍പ്പെടുകയും നിരവധി ആളുകള്‍ കരയിലേക്ക് നീന്തി കയറുകയും ചെയ്‌തു. വെള്ളത്തില്‍ വീണ ബ്രണ്ണണ്‍ നീന്തി കയറിയത് തലശ്ശേരിയിലായിരുന്നു. അപകടത്തില്‍ എല്ലാം നഷ്‌ടപ്പെട്ട ബ്രണ്ണന്‍ അങ്ങനെ തലശ്ശേരിയുടെ പോറ്റുമോനായി തീര്‍ന്നു. അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ട് എത്തിയ തനിക്ക് തലശ്ശേരിക്കാര്‍ നല്‍കിയ സ്‌നേഹത്തിനും അഭയത്തിനും പകരം അവിടെ തന്നെ സ്ഥിര താമസമാക്കാന്‍ തീരുമാനിച്ചു. തലശ്ശേരി പോര്‍ട്ടില്‍ മാസ്റ്റര്‍ അറ്റന്‍ഡന്‍റായി അദ്ദേഹത്തിന് ജോലിയും ലഭിച്ചു.
തലശ്ശേരിയേയും അവിടത്തെ ജനങ്ങളെയും അദ്ദേഹം അകമഴിഞ്ഞ് സ്‌നേഹിച്ചു. ഏകനായ ബ്രണ്ണന് ശേഷിപ്പുകാരുടെ സൗഖ്യത്തിന് വേണ്ടി പണം സ്വരൂപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും പാവങ്ങളെ സഹായിക്കാനായി വലിയൊരു തുക നീക്കി വച്ചു. സമ്പാദ്യത്തിന്‍റെ ഭൂരിഭാഗവും പാവങ്ങള്‍ക്കായി ദാനം ചെയ്യുകയും നാണയത്തുട്ടുകള്‍ നിര്‍ധനര്‍ക്ക് വാരി എറിയുകയും ചെയ്‌തു.
അവിവാഹിതനായ ബ്രണ്ണന്‍ സായിപ്പിന് ഒരു ദത്ത് പുത്രനുണ്ടായിരുന്നു. ജൂനിയര്‍ ബ്രണ്ണന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന യുവാവ് മൂകനായിരുന്നു. അയാളെ ഇംഗ്ലണ്ടില്‍ അയച്ച് ചികിത്സിപ്പിച്ചെങ്കിലും രോഗമുക്തിയുണ്ടായില്ല.
തനിക്ക് അവകാശപ്പെട്ടതെല്ലാം നിരാലംബരായ പരിസരവാസികള്‍ക്ക് നീക്കി വയ്ക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. തന്‍റെ ജീവിതകാലത്ത് അധികമാരും ശ്രദ്ധിക്കപ്പെടാതിരുന്ന ബ്രണ്ണന്‍ മരണാനന്തരമാണ് ജനങ്ങളുടെ ആരാധന പാത്രമായത്.
ബ്രണ്ണന്‍റെ വില്‍പത്രത്തില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സമ്പാദ്യം നീക്കിവച്ചിരുന്നു. ഈ ദാന ധര്‍മ്മങ്ങള്‍ കാണിക്കുന്നത് അദ്ദേഹത്തിന്‍റെ നിസ്വാര്‍ഥതയും വിശാല മനസ്‌കതയുമാണ്. അദ്ദേഹത്തിന്‍റെ സംഭാവനയില്‍ നിന്നാണ് തലശ്ശേരിയിലെ മുനിസിപ്പല്‍ ആശുപത്രി സ്ഥാപിച്ചത്.
വര്‍ണ്ണ വര്‍ഗ ഭേദങ്ങള്‍ക്ക് അതീതമായി ആധുനിക രീതിയിലുള്ള ഇംഗ്ലീഷ് വിദ്യാലയം ആരംഭിക്കുന്നതിനായി അദ്ദേഹം നിക്ഷേപിച്ച 8900 രൂപ ഉപയോഗിച്ച് 1862ല്‍ ഒരു വിദ്യാലയം ആരംഭിച്ചു. ഇന്നത്തെ ബ്രണ്ണന്‍ കോളജിന്‍റെ പ്രാഗ് രൂപമായിരുന്നു അത്. തലശ്ശേരിയിലെ സബ്‌കലക്‌ടര്‍ ഓഫിസും ബംഗ്ലാവും ബ്രണ്ണന്‍ സായിപ്പിന്‍റേതാണ്. ഇംഗ്ലീഷ് പള്ളിക്കും അദ്ദേഹത്തിന്‍റെ സംഭവനയുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറവും ബ്രണ്ണന്‍റെ കര്‍മ്മ വൈശിഷ്ട്യം തലശ്ശേരിയെ ചൈതന്യമാക്കുമ്പോള്‍ യുവതലമുറയിലേക്ക് ഈ മഹാരദനെ കുറിച്ചുള്ള അറിവ് പകരേണ്ടത് നമ്മുടെ കടമയാണ്.