കണ്ണൂർ: കുന്നത്തൂർപാടി തിരുവപ്പന ഉത്സവം ആരംഭിച്ചു. വാദ്യമേളങ്ങളും വെടിക്കെട്ടുമായി അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും പാടിയിൽ പ്രവേശിച്ച് കങ്കാണിയറയിൽ വിളക്ക് തെളിച്ചു. താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വെച്ചശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു. കരക്കാട്ടിടം വാണവർ അടിയന്തിരക്കാർക്ക് കൈനീട്ടം നൽകിയ ശേഷം അഞ്ചില്ലം അടിയാന്മാർ കളിക്കപ്പാട്ടോടുകൂടി ഇരുവശത്തും ഓടചൂട്ടുപിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിച്ചു.കരക്കാട്ടിടം വാണവർ എസ്.കെ.കുഞ്ഞിരാമൻ നായനാർ, തന്ത്രി പോർക്കിളില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചതിന് ശേഷം തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തിൽ കലശപൂജയും തുടർ കർമങ്ങളും നടത്തി.
കുന്നത്തൂർപാടി തിരുവപ്പന ഉത്സവത്തിന് തുടക്കമായി
കരക്കാട്ടിടം വാണവർ എസ്.കെ.കുഞ്ഞിരാമൻ നായനാർ, തന്ത്രി പോർക്കിളില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചതിന് ശേഷം തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തിൽ കലശപൂജയും തുടർ കർമങ്ങളും നടത്തി
കോമരവും ചന്തനും മടപ്പുരയ്ക്കുള്ളിൽ പൈങ്കുറ്റി വെച്ചശേഷം കൊല്ലൻ കങ്കാണിയറയുടെ തൂണിൽ ഇരുമ്പ് കുത്തുവിളക്ക് തറച്ചു. രാത്രി മുത്തപ്പന്‍റെ നാല് ജീവിതഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. കങ്കാണിയറയിലെ വിളക്ക് ഉത്സവം അവസാനിക്കും വരെ കെടാതെ സൂക്ഷിക്കും.
തുടക്ക ദിവസം തന്നെ നിരവധി ഭക്തജനങ്ങളാണ് പാടിയിൽ എത്തിച്ചേർന്നത്. മറ്റ് ദിനങ്ങളിൽ വൈകുന്നേരം ആറ് മണിക്ക് ഊട്ടും വെള്ളാട്ടവും രാത്രി 10മണിക്ക് തിരുവപ്പനയുമാണ് കെട്ടിയാടുക. ചില ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ജനുവരി 16-ന് ഉത്സവം സമാപിക്കും.