കണ്ണൂർ:സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിയത് ഗതികേട് കൊണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മയക്കുമരുന്ന്, സ്വർണക്കടത്ത് കേസുകൾ ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത്, താൽകാലികമായ അവധിയാണോ രാജിയാണോ എന്ന് സി.പി.എം പൊതു സമൂഹത്തോട് വ്യക്തമാക്കണം.
കോടിയേരി മാറിയത് ഗതികേട് കൊണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോടിയേരി ബാലകൃഷ്ണന്‍റെ ഇറങ്ങിപ്പോക്ക് താൽക്കാലികമായ അവധിയാണോ അതോ രാജിയാണോ എന്ന് പൊതുസമൂപത്തിന് സി.പി.എം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു
അന്വേഷണ ഏജൻസികൾ ശരിയായ രീതിയിൽ അന്വേഷിച്ചാൽ കോടിയേരിയും കുടുംബവും കുടുങ്ങും. അതിൻ്റെ രേഖകളും സൂചനകളും ഏജൻസികളുടെ പക്കലുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലെ കേസുകൾ കേന്ദ്ര ഏജൻസികൾ നിർഭയം അന്വേഷിക്കുന്നുണ്ടോ എന്ന കാര്യത്തിൽ കെ.പി.സി.സിക്ക് സംശയമുണ്ട്. കേസ് ഉയർന്നപ്പോൾ തന്നെ വളരെ പെട്ടെന്ന് രേഖകൾ കൈക്കലാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചില്ല.
രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം നടത്തുന്നതിൽ കേന്ദ്ര ഏജൻസികൾ അലംഭാവവും കൃത്യവിലോപവും ഒളിച്ചുകളിയും നടത്തുകയാണ്. സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ കത്തി നശിച്ചത് സുപ്രധാന രേഖകളാണ്. അത് സ്വാഭാവികമാണെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുകയാണ്. മയക്കുമരുന്ന്, സ്വർണക്കടത്ത് കേസുകൾ മൂടിവെയ്ക്കാൻ ഡൽഹിയിൽ ബി.ജെ.പിയും സി.പി.എമ്മും ഒത്തു തീർപ്പ് ചർച്ച നടത്തിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.