കേരളം

kerala

ETV Bharat / state

വേനൽ ചൂടിൽ കരിഞ്ഞുണങ്ങി കുറ്റിയാട്ടൂർ നെൽപാടങ്ങൾ

ശുദ്ധജലം കിട്ടാക്കനിയായി കണ്ണൂർ കുറ്റിയാട്ടൂർ പ്രദേശം. വേനൽ ചൂടിൽ പ്രകൃതിയും വൃക്ഷങ്ങളും കരിഞ്ഞുണങ്ങുകയാണ്

വേനൽ ചൂടിൽ കരിഞ്ഞുണങ്ങി കുറ്റിയാട്ടൂർ നെൽപാടങ്ങൾ

By

Published : Mar 27, 2019, 3:57 PM IST

വേനൽ ചൂട് ക്രമാതീതമായി വർധിച്ചതോടെ പ്രകൃതിയും കരിഞ്ഞുണങ്ങുകയാണ്. കണ്ണെത്താ ദൂരത്തെ പാടശേഖരങ്ങൾ വിണ്ടുകീറിയതിന് പിന്നാലെ വൃക്ഷങ്ങളും ഉണങ്ങി തുടങ്ങി. ശുദ്ധജലം കിട്ടാക്കനിയായതോടെ ഗ്രാമവാസികളും കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്.

സ്വർണ തിളക്കമുള്ള നെന്മണികൾ വിളഞ്ഞു വിതാനിച്ച് കിടന്ന കണ്ണൂർ കുറ്റിയാട്ടൂർ പാടശേഖരത്തിലെ നിലവിലെ അവസ്ഥ ദയനീയമാണ്. ജലാംശം ജീവനാഡിയായി എന്നും നനവ് തന്ന വയലുകൾ കണ്ണെത്താ ദൂരത്തോളം വിണ്ടു കീറിയിരിക്കുന്നു. കൃഷി പാതിവഴിയിൽ ഉണങ്ങിയതോടെ കർഷകർക്ക് പുല്ല് കിട്ടിയത് മിച്ചം. ഇത് 150 ഏക്കർ നെൽപ്പാടത്തിന്‍റെ മാത്രം അവസ്ഥയല്ല. എങ്ങോട്ട് കണ്ണോടിച്ചാലും വരൾച്ച തന്നെ. അതിപ്പോൾ തെങ്ങ് അടക്കമുള്ള വൃക്ഷങ്ങളെയും ബാധിച്ചതോടെ കർഷകർ തീർത്തും നിരാശയിലായി. കാർഷിക വിളകൾക്ക് പച്ചപ്പ് നിലനിർത്താൻ അല്പമെങ്കിലും സഹായകമായിരുന്നത് കനാൽ വെള്ളം ആയിരുന്നു. അത് ഈ പ്രദേശങ്ങളിലേക്ക് ഒഴുകിയിട്ട് വർഷങ്ങളായി. ഈ കൊടും വരൾച്ചയിൽ പഴശി ഡാമിലെ വെള്ളം കനാൽ വഴി തുറന്നു വിടുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും അതും പാഴ്‌വാക്കായി.

വേനൽ ചൂടിൽ കരിഞ്ഞുണങ്ങി കുറ്റിയാട്ടൂർ നെൽപാടങ്ങൾ

മാർച്ച് പകുതി പിന്നിടുമ്പോഴേക്കും ഒട്ടുമിക്ക കിണറുകളും വറ്റി. ഗ്രാമപ്രദേശങ്ങളിൽ ശുദ്ധജല വിതരണത്തിനും ആളില്ലാത്ത അവസ്ഥയിലാണ്. കുടിവെള്ളത്തിനായുള്ള നെട്ടോട്ടം വീട്ടമ്മമാരുടെ നടുവൊടിച്ചു. കാലവർഷം വരാൻ ഇനിയും രണ്ടുമാസമിരിക്കെ കനത്ത ആശങ്കയിലാണ് ജനങ്ങൾ. ഈ വേനൽ പ്രകൃതിയിൽ ഏതൊക്കെ തരത്തിലുള്ള നാശമാണ് വരുത്തിവയ്ക്കുക എന്നതിലുള്ള ഭീതി ഓരോ പകലും വർധിക്കുകയാണ്.

ABOUT THE AUTHOR

...view details