കണ്ണൂര്‍: അസര്‍ബൈജാനില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഷക്കീര്‍ സുഭാന്‍ നേരെ പോയത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു. വ്ളോഗറും സഞ്ചാരിയുമായ ഷക്കീര്‍ ഇറാന്‍, യുഎഇ, ഖത്തര്‍, സിംഗപ്പൂര്‍ തുടങ്ങി ഒമ്പത് രാജ്യങ്ങൾ സന്ദര്‍ശിച്ചതിന് ശേഷമാണ് കേരളത്തിലെത്തിയത്. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നതുകൊണ്ട് തന്നെ നാട്ടിലെത്തിയ ഉടന്‍ ആശുപത്രിയിലേക്ക് പോകാന്‍ ഷക്കീര്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷക്കീറിനെ എല്ലാ പരിശോധനകൾക്കും വിധേയമാക്കുകയും കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച ആശുപത്രി വിട്ട ഷക്കീര്‍, കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മാതൃകാപരമായ പ്രവൃത്തിയിലൂടെ സമൂഹമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ്.
വിമാനത്താവളത്തില്‍ നിന്നും ആശുപത്രിയിലേക്ക്; യുവാവിന് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു - ഷക്കീര്‍ സുഭാന്‍
ഇറാന്‍, യുഎഇ, ഖത്തര്‍, സിംഗപ്പൂര്‍ തുടങ്ങി ഒമ്പത് രാജ്യങ്ങൾ സന്ദര്‍ശിച്ചതിന് ശേഷം കേരളത്തിലെത്തിയ ഷക്കീര്‍ സുഭാന് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ വീട്ടിലേക്ക് മടങ്ങി
വിമാനത്താവളത്തില്‍ നിന്നും നേരെ ആംബുലന്‍സിലേക്ക് നടന്നുപോകുന്ന ഷക്കീറിന്‍റെ വീഡിയോ 'മല്ലു ട്രാവലര്‍' എന്ന യൂട്യൂബ് പേജിലൂടെ നിരവധിപേരാണ് കണ്ടത്. ഷക്കീറിന്‍റെ സ്വന്തം യൂട്യൂബ് പേജിലൂടെ കൊവിഡ് 19നെതിരെ സര്‍ക്കാര്‍ ആശുപത്രികൾ സ്വീകരിച്ചിരിക്കുന്ന മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തി. ആശുപത്രി കിടക്കയില്‍ നിന്നും പോസ്റ്റ് ചെയ്‌ത വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. കൊവിഡ് 19ന്‍റെ പേരില്‍ നിരീക്ഷണത്തില്‍ കഴിയാതെ മുങ്ങിനടക്കുന്ന ആളുകൾക്കിടയിലും മാതൃകയായി മാറിയ ഷക്കീറിലൂടെ സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങളും ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിചരണവുമെല്ലാം നാട്ടുകാര്‍ കണ്ടറിഞ്ഞു. കൊവിഡ് 19 ബാധയുള്ള ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുണ്ടെങ്കിൽ നേരിട്ട് നിങ്ങളുടെ വീട്ടിലേക്ക് പോകരുതെന്നും ആശുപത്രിയിൽ പോയി, ആരോഗ്യവകുപ്പിന്‍റെ ഉപദേശം പിന്തുടരണമെന്നുമാണ് ഷക്കീറിന്‍റെ നിര്‍ദേശം.