കണ്ണൂർ: ഭാഗ്യം തേടാത്ത മനുഷ്യരുണ്ടോ... അങ്ങനെയൊരു ഭാഗ്യാന്വേഷിയാണ് കണ്ണൂർ ജില്ലയിലെ പഴയങ്ങാടി നെരുവമ്പ്രത്തെ പ്രകാശൻ. ജോലി കഴിഞ്ഞ് പ്രകാശൻ സൈക്കിളില്‍ കയറി നേരെയെത്തുന്നത് പഴയങ്ങാടിയിലെ തമ്പുരാൻ ലോട്ടറി സ്റ്റാളിലേക്ക്. (65 Old Man Still Trying For Lottery Luck) കാര്യങ്ങൾ ഇപ്പോൾ ഏതാണ്ട് വ്യക്തമായിക്കാണുമല്ലോ... ലോട്ടറിയാണ് പ്രകാശൻ തേടുന്ന ഭാഗ്യം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... കൃത്യമായി പറഞ്ഞാൽ 30-35 വർഷം മുമ്പ്.
ചെറിയ ലോട്ടറികളിൽ തുടങ്ങി. ഇപ്പൊ വലുതായി. അതിനൊപ്പം പോക്കറ്റ് ചെറുതായി. അതാണ് പ്രകാശന്‍റെ ലോട്ടറി പ്രേമം. ഈ ഓണക്കാലത്ത് പ്രകാശന് ബമ്പർ പ്രതീക്ഷയുണ്ടായിരുന്നു. എടുത്തത് 91 ടിക്കറ്റുകൾ. പോക്കറ്റില്‍ നിന്നിറങ്ങിയത് 45000 രൂപ. അടിച്ചത് 4000 രൂപ മാത്രം. കഴിഞ്ഞ ഓണക്കാലത്തും പോക്കറ്റ് കാലിയാക്കിയാണ് ടിക്കറ്റെടുത്തത്. ഇക്കാലത്തിനിടെ എടുത്തത് 50 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളെന്നാണ് പ്രകാശന്‍റെ 'ഭാഗ്യ'ക്കണക്ക്. ഇതുവരെ ബമ്പർ ഒന്നും അടിച്ചില്ലെങ്കിലും പ്രകാശൻ പ്രതീക്ഷയിലാണ്.