കണ്ണൂർ:കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി. വിഷയത്തിൽ സാങ്കേതികവശം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. വർഗീയ ഉള്ളടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലർ ആണ് പറയേണ്ടത്. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം ലഭ്യമായ ശേഷം അഭിപ്രായം പറയാമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം സംസ്ഥാനത്തെ കോളജുകളിൽ ഒക്ടോബർ നാല് മുതൽ അധ്യായനം ആരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുക. വിദ്യാർഥികൾ ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തതായി ഉറപ്പുവരുത്തും. സ്ഥാപനങ്ങളിൽ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.