കണ്ണൂര്‍ :കണ്ണൂർ സർവകലാശാല മലയാളം പഠന വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് പ്രിയ വർഗീസ്. വിവരാവകാശരേഖയെന്നുപറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികൾ തുറന്നുകാട്ടേണ്ടതുണ്ട് എന്ന് വ്യക്തമാക്കി ഫേസ്‌ബുക്കിലൂടെയാണ് പ്രിയ വിശദീകരണവുമായി രംഗത്തെത്തിയത്. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ പ്രിയ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
എന്‍റെ 156-ഉം അപരന്റെ 651-ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അത് മുഴുവൻ പരിശോധിച്ച് വകവച്ച് തന്നിട്ടുള്ളതല്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് എല്ലായ്‌പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നുജീവിക്കുന്ന ഒരാളാണ് താനെന്നും പ്രിയ വര്‍ഗീസ് കുറിച്ചു.
മാധ്യമങ്ങള്‍ക്കെതിരെയും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പ്രിയ വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചു. അഭിമുഖം ഓൺലൈൻ ആയി നടന്നതായതുകൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലിൽ സംപ്രേഷണം ചെയ്യൂ.
അതിൽ മാത്രം ഇനി ചാനൽ വിധിനിർണയം നടന്നില്ല എന്ന് വേണ്ട. ഒട്ടും ആത്മവിശ്വാസക്കുറവില്ലാത്തതുകൊണ്ട് ഞാൻ അതിനെ സുസ്വാഗതം ചെയ്യുന്നു. മാധ്യമ തമ്പ്രാക്കളോട് തത്‌കാലം ഇത്രമാത്രം തെര്യപ്പെടുത്തിക്കൊള്ളട്ടെയെന്നും കുറിച്ചാണ് പ്രിയ വര്‍ഗീസ് പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം : യു.ജി.സി റെഗുലേഷനെ തെറ്റായി വ്യാഖ്യാനിച്ച് എഫ്.ഡി.പി ഗവേഷണകാലയളവ് അധ്യാപനപരിചയമായി കൂട്ടാനാവില്ല എന്ന് പറഞ്ഞുതുടങ്ങിയ വിവാദമാണ് ഇപ്പോള്‍ യു.ജി.സി റെഗുലേഷനൊക്കെ ആറ്റിൽ ഒഴുക്കി ചില വിവരാവകാശരേഖകളുടെ മാത്രം ബലത്തിൽ കൈകാലിട്ടടിക്കുന്നത്. ഏതായാലും ചില വിവരങ്ങൾ ഞാനും അവകാശപ്പെട്ടിട്ട് മതി പ്രതികരണം എന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷേ വിവരാവകാശരേഖ എന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികൾ ഇപ്പോള്‍ തന്നെ തുറന്നുകാട്ടേണ്ടതുണ്ട് എന്ന് കഴിഞ്ഞ രണ്ടുദിവസമായി നുണരമയാദി പത്രങ്ങളുടെയും ഏഷ്യാനെറ്റാദി പരദൂഷണചാനലുകളുടെയും ഇളകിയാട്ടം കണ്ടപ്പോൾ തോന്നി.
1. എന്താ ഈ കണക്കിലെ കളികൾ ? അതിന് കണ്ണൂർ സർവകലാശാലയുടെ അപേക്ഷ സമർപ്പണത്തിന്റെ ചരിത്രം കൂടി അറിയണം. കൊവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈൻ ആയിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്‌തുകൊടുക്കുന്ന മുറയ്ക്ക് സ്കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ച് കഴിയുമ്പോൾ നമ്മുടെ ആകെ സ്കോറും ഓട്ടോ ജനറേറ്റ് ആയി വരും.
ഇങ്ങനെ ഓൺലൈൻ അപേക്ഷയിൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങൾ ആണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കൽ വെരിഫിക്കേഷൻ )നടത്തിയിട്ടില്ല. സാധാരണ ഇത് നടക്കാറുള്ളത് ഇന്റർവ്യൂ ദിവസമാണ്. ഇന്റർവ്യൂ ഓൺലൈൻ ആയിരുന്നത്കൊണ്ട് അന്നും അത് നടന്നില്ല.
അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അത് മുഴുവൻ പരിശോധിച്ച് വകവച്ച് തന്നിട്ടുള്ളതല്ല.
2. എന്നാലും അക്കങ്ങളിലെ ഇത്ര ഭീമമായ അന്തരം എങ്ങനെയാ ? ഒരു കമ്മ്യൂണിസ്റ്റ്‌കാരന്റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് എല്ലായ്‌പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്ന് ജീവിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് അപേക്ഷ പൂരിപ്പിക്കുമ്പോഴും അതിജാഗ്രത ഉണ്ടായിരുന്നു. യു. ജി. സി. കെയർ ലിസ്റ്റിൽ മലയാളത്തിൽ നിന്ന് അധികം ജേർണലുകൾ ഒന്നുമില്ല.