കണ്ണൂര്‍:വിനോദയാത്രകളില്‍ കാണുന്നവ സ്വന്തം വീട്ടുമുറ്റത്തുണ്ടെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്കവരും. അത്തരം മോഹങ്ങള്‍ യാഥാര്‍ഥ്യമാക്കുകയെന്നത് പലര്‍ക്കും അസാധ്യമായിരിക്കും. എന്നാല്‍, തായ്‌ലൻഡ് യാത്രക്കിടെ ഇഷ്‌ടം തോന്നിയ തുരങ്കം വീട്ടുമുറ്റത്തൊരുക്കി വ്യത്യസ്‌തനായിരിക്കുകയാണ് കണ്ണൂര്‍ പെരുവാമ്പയിലെ ചെറിയമ്പ്രത്ത് തോമസ്.
വീട്ടുമുറ്റത്ത് തുരങ്കമൊരുക്കി തോമസ് വീട്ടുമുറ്റത്തെ പറമ്പ് തുരന്ന് ആറ് അടി ഉയരത്തില്‍ 25 മീറ്റർ നീളത്തിലാണ് ഈ തുരങ്കം നിര്‍മിച്ചത്. 69 വയസുള്ള തോമസ് ആറുമാസമെടുത്ത് ഒറ്റയ്‌ക്കാണ് പണിതീര്‍ത്തത്. ദിവസവും 10 മുതൽ 14 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തുരങ്കം പൂർത്തിയാക്കിയത്. ലോക്ക്‌ഡൗൺ സമയത്താണ് നിർമാണത്തിലേക്ക് കടന്നത്.
ALSO READ:മലയാളം എഴുതാനും വായിക്കാനും അറിയില്ല, പക്ഷേ ഗാനങ്ങള്‍ അസ്സലായി പാടും ; വിസ്‌മയിപ്പിച്ച് നീലം ബിന്ദു ഭാരതി
ആദ്യമൊക്കെ ഇടിഞ്ഞുപോകുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാലും ആഗ്രഹം സഫലമാക്കുകയായിരുന്നു ലക്ഷ്യമെന്ന് തോമസ് പറയുന്നു. പിക്കാസും മൺവെട്ടിയും മാത്രമാണ് നിര്‍മാണത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍. വീടിന്‍റെ മുൻഭാഗത്ത് കൂടെ കയറി പിറക് ഭാഗത്ത് ഇറങ്ങാനുള്ള സൗകര്യമാണ് തുരങ്കത്തിലുള്ളത്.
കൊടും ചൂടിലും നല്ല തണുപ്പേകുന്ന ഈ തുരങ്കം 50 മീറ്റര്‍ നീളമാക്കുകയാണ് തോമസിന്‍റെ ലക്ഷ്യം. കൃഷിപ്പണിക്കിടയിൽ ലഭിക്കുന്ന ഒഴിവുസമയമാണ് ഇതിനായി നീക്കിവക്കുന്നത്. നിരവധിപേരാണ് വീട്ടുമുറ്റത്തെ 'അത്‌ഭുതം' കാണാന്‍ പെരുവാമ്പയിലെ ഈ വീട്ടിലേക്ക് എത്തുന്നത്.