കണ്ണൂർ:കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കാമുകനൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് അമ്മ ശരണ്യ മൊഴി നൽകി. ശരണ്യയെ നാളെ കോടതിയിൽ ഹാജരാക്കും. വിവാഹ മോചനത്തിന്‍റെ വക്കിലേക്ക് എത്തി നിൽക്കുമ്പോഴാണ് ഇരുപത്തിമൂന്നുകാരിയായ ശരണ്യ മകനോട് കൊടും ക്രൂരത ചെയ്‌തത്.
തയ്യിൽ കടപ്പുറത്തെ സ്വന്തം വീട്ടിൽ അച്ഛനും അമ്മക്കും അനുജനും മകനുമൊത്താണ് ശരണ്യ ഏറെ നാളായി കഴിഞ്ഞിരുന്നത്. ഭർത്താവ് ഇവിടെ വരാറുണ്ടായിരുന്നെങ്കിലും രാത്രി വീട്ടിൽ തങ്ങാറില്ലായിരുന്നു. എന്നാൽ മകനെ കൊല്ലാൻ ആസൂത്രണം ചെയ്ത ദിവസം ഭർത്താവിനെ അവിടെ നിർബന്ധിച്ച് താമസിപ്പിക്കുകയായിരുന്നു. മകനെ അച്ഛനൊപ്പം കിടത്തി ശരണ്യ മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പുലർച്ചെ മൂന്ന് മണിയോടെ മകനെ എടുത്ത് 50 മീറ്റർ അകലെയുള്ള കടലിലേക്ക് നടന്നു. ആദ്യം കടലിൽ മുക്കി. പിന്നീട് കടൽഭിത്തി നിർമിച്ച കൂറ്റൻ പാറകൾക്കിടയിലേക്ക് എറിഞ്ഞു. കുഞ്ഞു കരഞ്ഞതോടെ വീണ്ടും വെള്ളത്തിൽ മുക്കി. തുടർന്ന് പാറകൾക്കിടയിൽ ഉപേക്ഷിച്ചു.