കണ്ണൂർ: കേരളത്തിലെ ഇടതു തരംഗം കണ്ണൂരിലും വീശിയടിച്ചു. യു.ഡി.എഫിന് പ്രതീക്ഷയുണ്ടായ മണ്ഡലങ്ങളെ പോലും മലര്‍ത്തിയടിച്ചാണ് ചുവന്നകാറ്റ് കടന്നു പോയത്. ഇടതു തരംഗത്തിന് മാറ്റുകൂട്ടി മട്ടന്നൂരില്‍ കെ.കെ ശൈലജ അറുപത്തി ഒന്നായിരത്തിന്‍റെ റെക്കോർഡ് ഭുരിപക്ഷമാണ് നേടിയത്. തുടർഭരണത്തിന് ചുക്കാൻ പിടിച്ച പിണറായി വിജയന്‍റെ ഭൂരിപക്ഷവും അമ്പതിനായിരം കടന്നു. 11 മണ്ഡലങ്ങളുള്ള കണ്ണൂരില്‍ ഒമ്പതും എല്‍.ഡി.എഫ് തൂത്തുവാരി. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍, അഴീക്കോട് എന്നീ മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് വിജയിച്ചത്.
Also Read:തളിപ്പറമ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
യു.ഡി.എഫിന് ആകെ കിട്ടിയത് സിറ്റിങ് സീറ്റായ പേരാവൂരും ഇരിക്കൂറും മാത്രമാണ്. യു.ഡി.എഫ് കടുത്ത ആത്മവിശ്വാസം പ്രകടപ്പിച്ച അഴീക്കോട് കെ.എം ഷാജിക്ക് കാലിടറി. പ്രതീക്ഷ വെച്ചിരുന്ന കണ്ണൂരും കൂത്തുപറമ്പും കൈവിട്ടതും തിരിച്ചടിയായി. സിറ്റിങ് സീറ്റുകളായ പയ്യന്നൂര്‍, കല്യാശേരി, ധര്‍മടം, തലശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കനത്ത ഭൂരിപക്ഷമാണ് ഇടതുപക്ഷം നേടിയത്.
പ്രവചനങ്ങളെയെല്ലാം കാറ്റില്‍പറത്തി കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരിൽ 1745 വോട്ടിന് ആണ് ഡി.സി.സി പ്രസിഡന്‍റ് കൂടിയായ സതീശന്‍ പാച്ചേനിയെ മലര്‍ത്തിയടിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായ എല്‍.ജെ.ഡി ഇത്തവണ ഇടതിനൊപ്പം നിന്നതോടെ ലഭിച്ച കൂത്തുപറമ്പ് സീറ്റ് നഷ്ടമാകാതെ പിടിച്ചെടുക്കാന്‍ കെ.പി മോഹനന് കഴിഞ്ഞു. പേരാവൂര്‍ മണ്ഡലത്തില്‍ അവസാന നിമിഷം വരെ കനത്ത പോരാട്ടമായിരുന്നു നടന്നത്. ഒടുവില്‍ 3352 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ സണ്ണി ജോസഫ് വിജയിച്ചത്.
Also Read:കെകെ ശൈലജ വീണ്ടും നിയമസഭയിലേക്ക്