കണ്ണൂർ: ദേശീയപാത വികസനവും പാലം പണികളും തകൃതിയായി പുരോഗമിക്കുന്ന സമയത്തും മഴ ഭീതിയിലാണ് കണ്ണൂർ ജില്ലയിലെ പുഴയോരത്തുള്ളവരും ദേശീയപാതയുടെ സമീപത്ത് താമസിക്കുന്നവരും. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന പുഴകളെല്ലാം മണ്ണിട്ട് നികത്തിയാണ് പൈലിങ് പ്രവർത്തികൾ നടക്കുന്നത്. കാലവർഷം പടിവാതിൽക്കൽ എത്തി നിൽക്കെ പലയിടത്തും 50 ശതമാനം ജോലികൾ പോലും പൂർത്തിയായില്ല.
കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ കൂടി എത്തിയതോടെ പലയിടങ്ങളിലും കനത്ത മണ്ണിടിച്ചിലുണ്ടായി. പ്രളയകാലത്തും കഴിഞ്ഞ വർഷങ്ങളിലും കരകവിഞ്ഞൊഴുകിയ പുഴകൾ ഭൂരിപക്ഷവും ദേശീയപാത കടന്നുപോകുന്നതാണ്. ഇതാണ് ജനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്. അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണൂരിലെ പ്രധാന പുഴകൾ കടന്നുപോകുന്ന വളപട്ടണം, ചാല പാലം, കുറ്റിക്കോൽപാലം, കുപ്പം പാലം, പെരുമ്പ പുഴയോരം, പെരുമ്പപാലം എന്നിവിടങ്ങളിലെല്ലാം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവർത്തി നടക്കുകയാണ്. മേഖലകളിലെ പുഴകൾ മണ്ണിട്ട് നികത്തിയാണ് നിർമാണം നടക്കുന്നത്.
ദേശീയപാതയിൽ ഏറ്റവും നീളം കൂടിയ പാലമായ വളപട്ടണം പാലത്തിനു 700 മീറ്ററിലധികം നീളം വരും. പാലത്തിന്റെ നിർമാണത്തിനായി ഇരുഭാഗത്തുനിന്നും പുഴയിലേക്ക് മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. തുരുത്തി ഭാഗത്തുനിന്ന് മാത്രം പുഴയിലേക്ക് 200 മീറ്ററോളം ഉള്ളിലേക്ക് മണ്ണിട്ടാണ് പൈലിങ് പ്രവൃത്തി നടക്കുന്നത്. പറശ്ശിനി ഭാഗത്തുനിന്നും കാട്ടാമ്പള്ളി ഭാഗത്തുനിന്നും വരുന്ന പുഴകൾ ഒന്നായി ചേർന്ന് ശക്തമായി പരന്നൊഴുകുന്ന മേഖലയാണ് മണ്ണ് നിറച്ചിട്ടുള്ളത്. ഇത് ഏത് രീതിയിൽ നീരൊഴുക്കിനെ ബാധിക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
പതിയിരിക്കുന്നത് വൻ ദുരന്തം ; പെരുമ്പ പാലത്തിൽ പരവന്തട്ട, കാപ്പാട് വയൽ, മുക്കൂട് കാനായി വയൽ, മുതിയലം, കൂർക്കര, കൊക്കോട്, പുറച്ചേരി, കോട്ട തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം വീടുകളാണ് വെള്ളത്തിനടിയിൽ ആകുമെന്ന ഭീഷണിയിയിലുള്ളത്. പുഴയും പാലത്തിന്റെ അനുബന്ധ റോഡുകളും അടക്കം കുറ്റിക്കോൽ പാലത്തിന് 200 മീറ്ററിലധികം നീളം വരും. പാലം നിർമാണത്തിന്റെ ഭാഗമായി പൈലിങ് പ്രവർത്തി തുടങ്ങിയിട്ടുണ്ട്. പുഴയിൽ മണ്ണിട്ട് നീരൊഴുക്ക് പൂർണമായും തടസപ്പെടുത്തിയാണ് ഇവിടെയും നിർമാണ പ്രവർത്തികൾ മുന്നോട്ടു നീങ്ങുന്നത്. നിലവിലുള്ള പാലത്തിന്റെ ഇരുഭാഗത്തും മണ്ണിട്ട് നിറച്ചതിനാൽ വെള്ളത്തിന്റെ ഒഴുക്ക് പൂർണമായും സ്തംഭിച്ചു. മഴ കനക്കുന്നതോടെ ശക്തമായ നീരൊഴുക്കിൽ മണ്ണാകെ ഒലിച്ചുപോകാൻ സാധ്യത കൂടുതലാണെന്ന് നാട്ടുകാർ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ആന്തൂർ, തളിപ്പറമ്പ്, കുറുമാത്തൂർ, കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള മഴവെള്ളം പ്രധാനമായി വന്നുചേരുന്ന ചെറിയ പുഴയാണിത്.