കേരളം

kerala

By ETV Bharat Kerala Team

Published : Dec 9, 2023, 5:00 PM IST

ETV Bharat / state

അഞ്ചുമാസമായി സ്റ്റൈപ്പന്‍റില്ല; പ്രതിഷേധിച്ച്‌ കണ്ണൂര്‍ മെഡിക്കൽ കോളജ് ഹൗസ് സർജന്മാർ

house surgeons protest: കണ്ണൂർ ഗവണ്‍മെന്‍റ്‌ മെഡിക്കൽ കോളജിലെ ഹൗസ് സർജൻസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരം 5 ദിവസം പിന്നിട്ടു

Kannur Medical College  house surgeons  protesting due to not getting stipend  വിദ്യാർത്ഥികൾ പ്രതിഷേധിച്ചു  കണ്ണൂര്‍ മെഡിക്കൽ കോളേജ്  ഹൗസ് സർജന്‍സ്‌  സ്റ്റൈപന്‍റ്‌  stipend  house surgeons protest  പ്രതിഷേധിച്ച്‌ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ  Medical college students in protest
Medical college students in protest

കണ്ണൂര്‍ മെഡിക്കൽ കോളജില്‍ പ്രതിഷേധ സമരം

കണ്ണൂർ : ജില്ലയിലെ ഏറ്റവും വലിയ മെഡിക്കൽ കോളജ് (Kannur Medical College) ആയ പരിയാരത്തെ 2018 ബാച്ച് ഹൗസ് സർജന്മാർ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ അഞ്ച് ദിവസം ആയി അനിശ്ചിത കാല സമരത്തിലാണ്‌ (house surgeons protest Kannur). 2018 ബാച്ചിലെ 90 ഹൗസ് സർജന്മാർക്ക് അഞ്ചുമാസമായി സ്റ്റൈപ്പന്‍റ്‌ ലഭിക്കാത്തതിനാൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഗവൺമെന്‍റ്‌ മെഡിക്കൽ കോളജിൽ നിലവിൽ രണ്ടു ബാച്ചുകളിലായി 156 സർജന്മാരാണുള്ളത്. ഇതിൽ ഇത്രയും പേർ സ്റ്റൈപ്പന്‍റിനു അർഹരായവരാണ് എന്നു ആര്‍ടിഐ ഉൾപ്പടെ മറുപടി നൽകുമ്പോഴാണ് മെഡിക്കൽ കോളജ് അധികാരികളുടെ ഈ കള്ളക്കളി. 2023 ജൂലൈ മാസത്തിൽ ഹൗസ് സർജൻസി തുടങ്ങിയ ഹൗസ് സർജന്മാർക്ക് കഴിഞ്ഞ അഞ്ച് മാസത്തോളമായി സ്റ്റൈപ്പന്‍റ്‌ അന്യായമായി നിഷേധിക്കുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.

സ്ഥാപനത്തിൽ സ്റ്റൈപ്പന്‍റ്‌ ഹെഡിൽ 1,11,19,337 രൂപ ബാക്കി അവശേഷിക്കുമ്പോഴാണ് ഗവൺമെന്‍റ്‌ മെഡിക്കൽ കോളജ് കണ്ണൂരിലെ അധികാരികൾ ഈ ധാർഷ്ട്യം കാണിക്കുന്നത് എന്നും ഇവർ ആരോപിക്കുന്നു. 36 മണിക്കൂർ ഷിഫ്റ്റുകളിലായി ഊണും ഉറക്കവുമില്ലാതെ രോഗിപരിചരണം നടത്തുന്ന ഹൗസ് സർജന്മാരെയാണ് ആശുപത്രി അധികൃതർ കാരണമില്ലാതെ വഞ്ചിക്കുന്നത്.

നിലവിൽ 2017 ബാച്ച് ഹൗസ് സർജൻസിന് ഗവൺമെന്‍റ്‌ ഫണ്ടിൽ നിന്നും സ്റ്റൈപ്പന്‍റ്‌ നൽകുമ്പോഴും ഗവൺമെന്‍റ്‌/ഡിഎംഇ നിന്നും അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ 2018 ബാച്ചിലെ 90 ഹൗസ് സർജൻസിന് സ്റ്റൈപ്പന്‍റിന് അർഹതയുണ്ടാകൂ എന്ന ന്യായം വിവേചനത്തിന്‍റെ സീമ ലംഘിക്കുന്നതാണ് എന്നും വിദ്യാർഥികൾ പറയുന്നു.

വ്യക്തമായ കാരണമില്ലാതെയാണ് ഒരുപോലെ ജോലി ചെയ്യുന്ന രണ്ടു ബാച്ചുകളിലെ ഹൗസ് സർജന്മാരോട് വിവേചന ബുദ്ധിയോടെ പെരുമാറുന്നത്. മൂന്നുമാസത്തിന്‍റെ സ്റ്റൈപ്പന്‍റ്‌ ഇനത്തിൽ കോളജിന് ആവശ്യമായ 42,12,000 എന്നാൽ ഇതിൽ ഇരട്ടിയിൽ അപ്പുറം രൂപ ഗവൺമെന്‍റ്‌ അക്കൗണ്ടിൽ ബാക്കിനിൽക്കെ എന്തുകൊണ്ടാണ് ഡിഎംഇ നിർദേശം കാത്തിരിക്കുന്നത് എന്ന് കോളജ് വ്യക്തമാക്കിയിട്ടില്ല.

ഡിഎംഇ നിന്നും 2017 ബാച്ചിന് ഓർഡർ വന്നതും അവർക്ക് സൈപന്‍റ്‌ നൽകുമ്പോഴും ഉണ്ടാകാത്ത എന്ത് സാങ്കേതിക തടസമാണ് 2018 ബാച്ചിലുള്ളതെന്ന് പറയാൻ അധികാരികൾ തയ്യാറല്ല. അതിനാൽ ഗവൺമെന്‍റ്‌ തലത്തിലും ഡിഎംഇ തരത്തിലും മുമ്പ് 2017 ബാച്ചിന് നൽകിയ ഓർഡർ പോലെ 2018 ബാച്ചിനും നൽകണമെന്നാണ് ഇവരുടെ ആവശ്യം.

തകർച്ചയുടെ വക്കിൽ സർക്കാർ ആശുപത്രി, പിടി വിട്ട് സർക്കാർ:കണ്ണൂർ ഗവൺമെന്‍റ്‌ ആയുർവേദ മെഡിക്കൽ കോളജിൽ 40 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ക്ലാസ് മുറിയും തുറന്നു കൊടുക്കാനാവാതെ ഉപയോഗശൂന്യമായ നിലയിലാണ്. നിർമാണത്തിലെ അപാകത കാരണമാണ് ഈ പുത്തൻ ക്ലാസ് മുറി ഉപയോഗിക്കാൻ പറ്റാതെ നശിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്.

നാലുവർഷം മുമ്പ് ബിഎഎംഎസ് സീറ്റുകൾ അമ്പതിൽ നിന്ന് 75 ആയി വർധിപ്പിച്ചതോടെ ക്ലാസ് മുറിയുടെ കുറവ് പ്രശ്‌നമായിരുന്നു. അത് പരിഹരിക്കാനാണ് പുതിയ ബ്ലോക്ക് നിർമിക്കാൻ തീരുമാനിച്ചത്. അത് പ്രകാരം രണ്ടര വർഷം മുന്നേ കോളജ് ബ്ലോക്ക് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ ഷീറ്റ് ഇട്ട് ഹാൾ പണിയുകയായിരുന്നു. സീലിങ് ഫർണിഷിങ് ചെയ്‌തും ജനലുകൾക്ക് ഗ്ലാസുകൾ പിടിപ്പിച്ചും നിലം ടൈൽ പതിച്ചും ഫാനും ലൈറ്റും പ്രൊജക്‌ടറും എല്ലാം ഒരുക്കി ക്ലാസ് തയ്യാറാക്കി. എന്നാൽ മൂന്നുമാസം കഴിയുമ്പോഴേക്കും പലതും പൊളിഞ്ഞു വീഴുന്ന അവസ്ഥയിലായി.

ഇതോടെ പുതിയതായി ഒരുക്കിയ ക്ലാസ് മുറികൾ പൂട്ടിയിടേണ്ടി വന്നു. മേൽക്കൂരയുടെ ഷീറ്റുകൾ അടർന്നുവീണ നിലയിലാണ്. ശേഷിക്കുന്നവ ഏതുനിമിഷവും അടർന്നുവീഴാവുന്ന അവസ്ഥയിലുമാണ്. പണി ഏറ്റെടുത്ത കരാറുകാരോട് പരാതി പറഞ്ഞപ്പോൾ അനുവദിച്ച ഫണ്ടിനുള്ള പണി പൂർത്തിയാക്കിയിട്ടുണ്ട് എന്നായിരുന്നു പ്രതികരണം എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. സ്ഥല പരിമിതി കാരണം ഇപ്പോൾ പരീക്ഷ ആവശ്യങ്ങൾക്ക് കോളജ് ഓഡിറ്റോറിയം ആണ് ഉപയോഗിക്കുന്നത്.

ഇതു കാരണം പൊതുപരിപാടികൾക്ക് സ്റ്റേജ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ വർഷം പഠനത്തിന് സൗകര്യമില്ലാത്ത കാര്യം ചർച്ചയാവുകയും കെട്ടിട നിർമാണത്തിലെ അപാകത വിവാദമാവുകയും ചെയ്‌ത സാഹചര്യത്തിൽ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും ഉപയോഗ പ്രദമാക്കിയില്ല. വിദ്യാർഥികളുടെ ബാഹുല്യത്തിന് അനുസരിച്ച് ക്ലാസുകൾ നടത്താൻ സൗകര്യമില്ലാതെ വീർപ്പുമുട്ടുമ്പോഴാണ് ലക്ഷങ്ങൾ ചെലവിട്ട് ഒരുക്കിയ ക്ലാസ് മുറികൾ ഉപേക്ഷിച്ച നിലയിൽ ഇട്ടിരിക്കുന്നത് എന്നാണ് ആക്ഷേപം.

ABOUT THE AUTHOR

...view details