ഉരുപ്പുംകുറ്റിയിൽ രാത്രിയിലും മാവോയിസ്‌റ്റുകൾക്കായി തെരച്ചിൽ കണ്ണൂർ : കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയിൽ മാവോയിസ്‌റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനുപിന്നാലെ രാത്രിയിലും തെരച്ചിൽ നടത്തി തണ്ടർബോൾട്ട് സംഘം (Kannur Maoist Encounter). ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്‌റ്റുകൾക്ക് പരിക്കേറ്റതായാണ് സൂചന. എന്നാൽ ഈ കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതൽ പേര്‍ മാവോയിസ്‌റ്റ് സംഘത്തില്‍ ഉണ്ടായിരുന്നതായി തണ്ടർബോൾട്ടും പൊലീസും സംശയിക്കുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടേക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ കടത്തി വിടുന്നുള്ളൂ. മാവോയിസ്‌റ്റ് സാന്നിധ്യം ഈ മേഖലയിൽ നേരത്തെ ഉണ്ടായിരുന്നെങ്കിലും സായുധ ആക്രമണം ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു.
Also Read:Demonstration Of Maoist Group In Wayanad : വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ് സംഘമെത്തി ; സിസിടിവി ക്യാമറകള്‍ അടിച്ചുതകര്‍ത്തു
ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഇന്ന് രാവിലെ 9.30 ഓടെയാണ് വെടിവയ്‌പ്പുണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു. പരിശോധനയ്ക്കിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്‌റ്റുകൾ വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന. തുടർന്ന് തണ്ടർബോൾട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് മാവോയിസ്‌റ്റുകൾക്ക് പരിക്കേറ്റതെന്ന് കരുതപ്പെടുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
Also Read:ഇരിട്ടിയില്‍ തോക്കുമായി മാവോയിസ്‌റ്റ് പ്രകടനം ; പ്രസംഗവും പോസ്‌റ്റര്‍ ഒട്ടിക്കലും, സാധനങ്ങള്‍ വാങ്ങി മടക്കം
മാവോയിസ്‌റ്റ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. അതിന്‍റെ സൂചനകൾ തെരച്ചിലിൽ തണ്ടർബോൾട്ടിന് ലഭിച്ചു. ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി മേഖലകളിലെല്ലാം നേരത്തേ തന്നെ മാവോയിസ്‌റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ആറളത്ത് വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തത്. പശ്ചിമ ഘട്ട മേഖല മാവോയിസ്‌റ്റുകളുടെ പതിവ് സഞ്ചാരപാതയാണെന്ന് പറയപ്പെടുന്നു. കേരളത്തോട് ചേർന്ന ഭാഗത്ത് പരിശോധന ശക്തമാകുമ്പോൾ ഇവർ കർണാടക ഭാഗത്തേക്ക് കടക്കുന്നതാണ് പതിവ്.