കണ്ണൂർ :പരിസ്ഥിതി സൗഹൃദത്തിൻ്റെ അതിമനോഹര കാഴ്‌ചകൾ കാട്ടിതരുന്ന ഒരു പ്രദേശമുണ്ട് കണ്ണൂരിൽ. തളിപ്പറമ്പിൽ നിന്ന് കുറച്ചകലെ മാറി കീഴാറ്റൂർ എന്ന താഴ്ന്ന പ്രദേശം. വർഷങ്ങൾക്ക് മുമ്പാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒരു സമരം കീഴാറ്റൂരിൽ നടന്നത്.
കീഴാറ്റൂരിലെ വയലുകളെ രണ്ടായി വിഭജിച്ച് ആറ് കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്ന ദേശീയ പാത ബൈപ്പാസ് നിർമാണത്തിനെതിരെയായിരുന്നു ആ പ്രക്ഷോഭം. അതീവ പരിസ്ഥിതിലോല പ്രദേശമായ വയലുകളെയും തണ്ണീർ തടങ്ങളെയും ഇല്ലാതാക്കി ബൈപ്പാസ് നിർമാണം പാടില്ലെന്നായിരുന്നു സമരക്കാരുടെ വാദം.
വയൽക്കിളികളായിരുന്നു ശരിപക്ഷം ; ഒരു നാട് മുഴുവൻ പ്രവചിച്ച ദുരന്തമുനമ്പിൽ കീഴാറ്റൂർ വയൽ സമരമുഖത്തെ വയൽക്കിളികൾ : സമരത്തിന് കരുത്തേകാൻ നാട്ടുകാർ ചേർന്ന് 'വയൽക്കിളി' എന്ന സമര കൂട്ടായ്‌മയ്‌ക്ക് രൂപം നൽകി. സമരം അന്ന് ആളിക്കത്തിയെങ്കിലും വയൽക്കിളികള്‍ ചേര്‍ത്തുപിടിച്ചിരുന്ന കീഴാറ്റൂര്‍ വയലിനെ ഒടുവില്‍ ഭരണകൂടം അടര്‍ത്തിയെടുത്തു. വികസനത്തിന് എതിരേയെന്ന പേരിൽ അധികാരികള്‍ ചിറകരിഞ്ഞപ്പോള്‍ കീഴാറ്റൂര്‍ വയല്‍ നെടുകെ പിളരുന്നത് നിസഹായരായി നോക്കി നില്‍ക്കേണ്ടിവന്നു അവര്‍ക്ക്.
കേരളത്തിലെ സിപിഎമ്മിനെ പിടിച്ചുകുലുക്കിയ പരിസ്ഥിതി സമരത്തെ സര്‍വസന്നാഹവും ഉപയോഗിച്ച് ഭരണകൂടം തോല്‍പിച്ചുകളഞ്ഞപ്പോൾ സമരക്കാരിൽ പലരും വിഘടിച്ചു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് അവർ ഉന്നയിച്ച വാദങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നത്തെ കീഴാറ്റൂർ വയലിലെ കാഴ്‌ച. പലയിടങ്ങളിൽ നിന്നായി ടിപ്പറുകളിൽ മണ്ണിട്ട് നിറച്ചപ്പോൾ കീഴാറ്റൂർ രൂക്ഷമായ വെള്ളക്കെട്ട് ഭീഷണി നേരിടേണ്ടിവന്നു.
പുഴയും വയലും റോഡും എല്ലാം ദിശയില്ലാതൊഴുകുന്ന നിലയിൽ വെള്ളത്തിനടിയിലായി. അന്ന് സമര രംഗത്ത് ഉണ്ടായിരുന്ന നമ്പ്രാടത്ത് ജാനകി വേദനയോടെ പഴയ കീഴാറ്റൂർ വയലിനെക്കുറിച്ചും ഇനി വരുന്ന ദുരന്തത്തെക്കുറിച്ചും വീണ്ടും ഓർമപ്പെടുത്തുന്നു.
വയൽക്കിളികളുടെ വാദം ശരിയായിരുന്നു : പകുതിയോളം മാത്രം നിർമാണം പൂർത്തിയായ റോഡ് ഇനിയും ഉയര്‍ന്നതോടെ കീഴാറ്റൂർ വയൽ രണ്ട് താഴ്ന്ന പ്രദേശങ്ങളായി മാറും. തങ്ങൾ പറഞ്ഞ വാദങ്ങൾ ശരിയെന്ന് കാട്ടുന്നതാണ് ഈ ദുരിതക്കാഴ്‌ചയെന്ന് വയൽക്കിളി നേതാവായിരുന്ന സുരേഷ് കീഴാറ്റൂരും പറയുന്നു.
കീഴാറ്റൂർ വയൽ വലിയൊരു തണ്ണീർതടമാണ്. പല കൈവഴികളിലൂടെയും വെള്ളം ഒഴുകി കീഴാറ്റൂർ പുഴയിലാണ് എത്തിച്ചേരേണ്ടത്. എന്നാൽ ദേശീയ പാത നിർമാണം പൂർത്തിയാകുന്നതോടെ സമാനതകളില്ലാത്ത വെള്ളപ്പൊക്കത്തിനാകും പ്രദേശം സാക്ഷിയാവുകയെന്ന് ഈ മഴക്കാലം കാട്ടിത്തരുന്നു. വർഷങ്ങൾക്ക് മുമ്പ് വയല്‍ക്കിളികള്‍ നിരത്തിയ വാദവും കീഴാറ്റൂർ വയലിന്‍റെ നിലവിലെ സ്ഥിതി ചൂണ്ടിക്കാണിക്കുന്നതാണ്.