60 വര്‍ഷത്തിലേറെയായി കൈതോലപ്പായ നിര്‍മാണത്തിലേര്‍പ്പെടുന്ന മാധവി കണ്ണൂര്‍: അന്ന്യം നിന്നുകൊണ്ടിരിക്കുന്ന കൈതോലപ്പായ നിർമാണം ജീവിതത്തോട് ചേർത്ത് പിടിച്ച് സംരക്ഷിച്ച് പോരുകയാണ് കരിവള്ളൂർ പാലത്തരയിലെ കോയി മാധവി. മുള്ളുകൾ നിറഞ്ഞ യാത്രയിൽ പരമ്പരാഗതമായി കൈമാറി വന്ന കൈതോലപ്പായ നിർമാണം ജീവിതത്തിൻ്റെ ഭാഗമാക്കുകയും ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി പകർന്നു നൽകുകയും ചെയ്‌തതിന് 72-ാം വയസിൽ മാധവിയെ തേടിയെത്തിയത് കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡാണ്.
പത്താം വയസുമുതലാണ് മാധവി പരമ്പരാഗതമായി കൈമാറി വന്ന കൈതോലപ്പായ നിര്‍മാണത്തിലേര്‍പ്പെട്ടത്. പിന്നീടങ്ങോട്ട് 60 വര്‍ഷത്തിലേറെക്കാലം തൊഴില്‍ എന്നതിലുപരി കൈതോലയുടെ സംരക്ഷണം കൂടി ഏറ്റെടുത്തു. നിലവിൽ പാലത്തര തോടിൻ്റെ ഇരുവശങ്ങളിൽ ഒരു കിലോമീറ്റർ ദൂരത്തിലും പിലാത്തറയിലും മാധവി കൈതോല സംരക്ഷിക്കുന്നു.
പാകമായ കൈതോല ശേഖരിച്ച് ഉണക്കി മുള്ളുകൾ കളഞ്ഞാണ് പായ നിർമാണം. വർഷത്തിൽ ഒരു തവണ മാത്രമേ കൈതോല ശേഖരിക്കാൻ സാധിക്കു. അതുകൊണ്ട് തന്നെ ഏറെ പരിപാലിച്ചാണ് കൈതോല വളർത്തി കൊണ്ട് വരുന്നത്.
കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ മിക്ക പെരുങ്കളിയാട്ടത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും പായ നിര്‍മിച്ച് നല്‍കുന്നത് മാധവിയാണ്. ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനും ആചാരസ്ഥാനികർക്ക് ഇരിക്കാനുമാണ് കളിയാട്ടത്തിന് കൈതോല കൊണ്ടു പോകുന്നത്. മാധവിയുടെ നേതൃത്വത്തില്‍ പത്ത് പേരാണ് പായ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്.
പായ നിര്‍മാണത്തിന് പുറമെ പുതുതലമുറയിലുള്ളവര്‍ക്കും മാധവി തൊഴില്‍ പകര്‍ന്നു നല്‍കുന്നുണ്ട്. പലപ്പോഴും കൈതോലകൾ നശിപ്പിച്ചു കളയുന്ന സാഹചര്യം മാധവിയെ വേദനിപ്പിക്കുന്നു. സർക്കാർ ഇടപെട്ട് കൈതകള്‍ സംരക്ഷിച്ച് വിപണന കേന്ദ്രം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭർത്താവ് വി.ഗോവിന്ദൻ്റെ എല്ലാ പിന്തുണയും തൊഴിലിൽ മാധവിക്ക് ലഭിക്കുന്നുണ്ട്. ഗീത, ഗിരിജ, ഗീതള, പരേതനായ ഗിരീശൻ എന്നിവർ മക്കളാണ്.