കേരളം

kerala

ETV Bharat / state

കണ്ണൂരിൽ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

6 സി.ഐ.എസ്.എഫുകാർക്കും 3 ആര്‍മി ഡി.എസ്.സി. ക്യാന്‍റീന്‍ ജീവനക്കാരും ഉൾപടെ 13 പേര്‍ക്കാണ് കൊവിഡ്-19

kannur covid updates  കണ്ണൂര്‍  cisf  കണ്ണൂര്‍ വിമാനത്താവളം
കണ്ണൂരിൽ 13 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

By

Published : Jun 26, 2020, 9:27 PM IST

കണ്ണൂര്‍: ജില്ലയില്‍ 6 സി.ഐ.എസ്.എഫുകാർക്കും 3 ആര്‍മി ഡി.എസ്.സി. ക്യാന്‍റീന്‍ ജീവനക്കാരും ഉൾപടെ 13 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പ്പോര്‍ട്ട് ഡ്യൂട്ടിയിലുള്ളവരാണ്. ഇതിൽ രണ്ടു പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് സൗദി അറേബ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 18ന് ഒമാനില്‍ നിന്നെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 40കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ അഞ്ചു പേരാണ് സിഐഎസ്എഫുകാർ, മൂന്നു പേര്‍ കണ്ണൂര്‍ ഡിഎസ്‌സി സെന്‍ററിലുളളവരുമാണ്.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ നിന്നെത്തിയ ഡല്‍ഹി സ്വദേശി 30കാരന്‍, ജൂണ്‍ നാലിന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ 28ഉം, 26ഉം വയസുളള ഉത്തര്‍പ്രദേശ് സ്വദേശികൾ. ഹരിയാന സ്വദേശിയായ 27കാരന്‍, ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരു വഴി കണ്ണൂരിലെത്തിയ ഹരിയാന സ്വദേശിയായ 26കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ ഡിഎസ്‌സിയിലെ മീററ്റ് സ്വദേശിയായ 53കാരന്‍, 55ഉം 51ഉം വയസുളള ഡല്‍ഹി സ്വദേശികൾ എന്നിവര്‍ ജൂണ്‍ 10ന് നിസാമുദ്ദീന്‍-മംഗള എക്‌സ്‌പ്രസിലാണ് കണ്ണൂരിലെത്തിയത്.

ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ മാട്ടൂല്‍ സ്വദേശി 64കാരന്‍, ജൂണ്‍ 22ന് ബെംഗളൂരുവില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശിയായ 33കാരന്‍ എന്നിവരാണ് രോഗബാധയുണ്ടായ മറ്റു രണ്ടു പേര്‍. വലിയ വെളിച്ചത്ത് താമസിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 32കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 394 ആയി. ഇവരില്‍ 251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19035 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 83 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 150 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 21 പേരും വീടുകളില്‍ 18753 പേരുമാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയില്‍ നിന്ന് ഇതുവരെ 13382 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12434 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 11694 എണ്ണം നെഗറ്റീവാണ്. 948 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിൽ നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 20-ാം ഡിവിഷന്‍, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡ്, ചെമ്പിലോട് പഞ്ചായത്തിലെ 13-ാം വാര്‍ഡ്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ആറാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയത്. നേരത്തേ കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പേരാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.

ABOUT THE AUTHOR

...view details