കണ്ണൂർ: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ നാല് പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെ. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ആസിയയുടെ ബന്ധുക്കൾക്കാണ് വൈറസ് ബാധ. ഒന്‍പത് വയസുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസുള്ള മറ്റു രണ്ടു പെണ്‍കുട്ടികൾക്കുമാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരികരിച്ചത്. ഇതോടെ രോഗം ബാധിച്ച ബന്ധുക്കളുടെ എണ്ണം 11 ആയി.
കണ്ണൂരില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് ബാധ
ഇതിൽ നാല് പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെ. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ആസിയയുടെ ബന്ധുക്കൾക്കാണ് വൈറസ് ബാധ
ജില്ലയിൽ രോഗം പിടിപെട്ട മറ്റ് നാല് പേരിൽ രണ്ടു പേര്‍ ദുബൈയില്‍ നിന്നും രണ്ടു പേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. മെയ് 17ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസുകാരിയുമാണ് ദുബൈയില്‍ നിന്നും വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 11397 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 58 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 66 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 11232 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5917 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5725 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.