കണ്ണൂർ: എൽഡിഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. കോൺഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷിന്‍റെ പിന്തുണ ഉറപ്പായതോടെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. അതേ സമയം ആരെ പിന്തുണയ്ക്കും എന്ന കാര്യത്തില്‍ അവസാന മണിക്കൂറിലും രാഗേഷ് നയം പരസ്യമാക്കിയിട്ടില്ല.
കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും - കണ്ണൂർ കോർപ്പറേഷൻ
55 അംഗങ്ങളാണ് കണ്ണൂർ കോർപ്പറേഷനിലെ ആകെ അംഗസംഖ്യ. എൽഡിഎഫിന്‍റെ ഒരു അംഗം നിര്യാതനായെങ്കിലും പ്രമേയം പരിഗണിക്കുമ്പോൾ 55 എന്ന് തന്നെയാണ് സീറ്റ് കണക്കാക്കുക.
55 അംഗങ്ങളാണ് കണ്ണൂർ കോർപ്പറേഷനിലെ ആകെ അംഗസംഖ്യ. ഇതിൽ എൽഡിഎഫിന്‍റെ ഒരു അംഗം നിര്യാതനായെങ്കിലും പ്രമേയം പരിഗണിക്കുമ്പോൾ 55 എന്ന് തന്നെയാണ് സീറ്റ് കണക്കാക്കുക. നിലവിൽ യുഡിഎഫിന് ഇരുപത്തിയേഴും എൽഡിഎഫിന് 26 അംഗങ്ങളുമാണുള്ളത്. എടക്കാട് ഡിവിഷനിലെ കൗൺസിലർ സിപിഎമ്മിലെ ടി എം കുട്ടികൃഷ്ണന്‍റെ നിര്യാണത്തോടെയാണ് എൽഡിഎഫ് പക്ഷത്ത് ഒരംഗത്തിന്‍റെ കുറവ് വന്നത്. വിമതനായ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന ഉറപ്പിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. വോട്ടെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെയാണ് യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്കെടുക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാഗേഷ് വീണ്ടും കോൺഗ്രസ് പാളയത്തോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിലേക്ക് കടന്നത്. ഭൂരിപക്ഷം ഉറപ്പാക്കാൻ വേണ്ടത് 28 പേരുടെ പിന്തുണയാണ്. നിലവിലെ സാഹചര്യത്തിൽ ഈ സംഖ്യ അനായാസം മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. എന്നാൽ അന്തിമ നിലപാട് വ്യക്തമാക്കാൻ പികെ രാഗേഷ് ഇതുവരെ തയ്യാറായിട്ടില്ല.
നിലവിലെ മേയറെ അവിശ്വാസത്തിലൂടെ പുറത്താക്കിയാൽ കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ പുതിയ മേയറാകും. ആറ് മാസം കഴിഞ്ഞാൽ മേയർ സ്ഥാനം ലീഗിന് കൈമാറും. അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനാൽ രാഗേഷ് കോൺഗ്രസില്‍ ചേരാതെ സ്വതന്ത്രനായി ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും. വ്യക്തിപരമായ ആവശ്യത്തിനായി വിദേശത്തേക്ക് പോയ ലീഗ് കൗൺസിലർ നുസ്രത്ത് നാട്ടിൽ തിരിച്ചെത്തിയതോടെ തികഞ്ഞ വിശ്വാസത്തിലാണ് യുഡിഎഫ്. ചരിത്രത്തിൽ ആദ്യമായി ലഭിച്ച അപ്രതീക്ഷിത ഭരണം നഷ്ടമായാലും പ്രതിപക്ഷത്തിരുന്ന് പോരാടുമെന്ന് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി. അവിശ്വാസ പ്രമേയ ചർച്ചകൾ സമാധാനപരമായി നടക്കാൻ യുഡിഎഫ് കലക്ടറുടെയും പോലീസിന്‍റെയും സഹായം തേടിയിട്ടുണ്ട്.