കേരളം

kerala

ETV Bharat / state

ഇടത് കോട്ടയായ കണ്ണൂർ പിടിച്ചെടുത്ത് കെ സുധാകരൻ - k sudhakaran wins in kannuur

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വീണ് കിട്ടിയ ശബരിമല വിഷയത്തിൽ ബിജെപിയെ വെല്ലുന്ന രീതിയിലുള്ള സുധാകരന്‍റെ ഹിന്ദു അനുകൂല നിലപാട് ഭൂരിപക്ഷ വിഭാഗത്തിന്‍റെ ഏകീകരണവും അദ്ദേഹത്തിന് നല്‍കി.

ഇടത് കോട്ടയായ കണ്ണൂരിനെ പിടിച്ചെടുത്ത് കെ സുധാകരൻ

By

Published : May 23, 2019, 8:32 PM IST

കണ്ണൂർ: വിശ്വാസത്തിന് രാഷ്ട്രീയത്തിനപ്പുറം സ്ഥാനമുണ്ടെന്ന് തെളിയിച്ച് കെ സുധാകരൻ ഒരു തവണ കൂടി കണ്ണൂരിന്‍റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. സിറ്റിംഗ് എംപി പി കെ ശ്രീമതിയുടെ വികസന നേട്ടങ്ങൾ വിജയിക്കാതെ പോയപ്പോൾ ജനം പ്രതീക്ഷ അർപ്പിച്ചത് യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനില്‍ ആയിരുന്നു. രാഹുൽ ഗാന്ധിയുടെ വരവ് കൂടി ആയതോടെ സുധാകരൻ നില ഭദ്രമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടം അടക്കം എല്ലാ സിപിഎം കോട്ടകളിലും മികച്ച ഭൂരിപക്ഷം നേടിയാണ് സുധാകരൻ കണ്ണൂരില്‍ ആധികാരിക വിജയം നേടിയത്.

ഇടത് കോട്ടയായ കണ്ണൂരിനെ പിടിച്ചെടുത്ത് കെ സുധാകരൻ

2009ൽ 43,151 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കണ്ണൂർ കൈയ്യടക്കിയ കെ സുധാകരൻ 2014ൽ തോറ്റത് 6,566ന് വോട്ടിനാണ്. കഴിഞ്ഞ തവണത്തെ അതെ മത്സരം കണ്ണൂരിൽ ആവർത്തിച്ചപ്പോൾ മണ്ഡലം തിരിച്ചുപിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും സുധാകരൻ നടത്തിയിരുന്നു. വാളിനേക്കാൾ മൂർച്ചയുള്ള വാക്ക് കൊണ്ട് എതിരാളികളെ നിലംപരിശാക്കുന്ന ശൈലിയാണ് സുധാകരന്‍റേത്. അത് കഴിഞ്ഞ തവണ അതിരു കടന്ന് സ്വന്തം പാർട്ടിയിലും മുന്നണിയിലും പ്രയോഗിച്ചപ്പോൾ സുധാകരൻ തോൽവിയറിഞ്ഞു. എന്നാൽ ഇത്തവണ കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ മറ്റൊരാളുടെ പേരിന് പോലും സ്ഥാനമില്ലാത്ത രീതിയിൽ സുധാകരൻ സ്വയം പ്രാപ്തനായി. മുസ്ലീംലീഗും ന്യൂനപക്ഷങ്ങളിലെ വലിയൊരു വിഭാഗവും സുധാകരന് കരുത്ത് പകർന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വീണ് കിട്ടിയ ശബരിമല വിഷയത്തിൽ ബിജെപിയെ വെല്ലുന്ന രീതിയിലുള്ള സുധാകരന്‍റെ ഹിന്ദു അനുകൂല നിലപാട് ഭൂരിപക്ഷ വിഭാഗത്തിന്‍റെ ഏകീകരണവും സാധിച്ച് കൊടുത്തു. ദുർബല സിപിഎം ചിന്താഗതിക്കാരായ ഹിന്ദുക്കളുടെ വോട്ടും ഇതോടെ കൈപ്പത്തിയിൽ പതിഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവും സുധാകരന്‍റെ വിജയത്തില്‍ നിർണായകമായി. കസ്തൂരി രംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളിൽ തട്ടി കഴിഞ്ഞ തവണ ഛിന്നഭിന്നമായ മലയോര വോട്ടുകളും ഇത്തവണ സുധാകരനോട് ഐക്യം പ്രാപിച്ചു.

സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയം യുഡിഎഫ് ഏറ്റവും വലിയ പ്രചാരണ ആയുധമാക്കിയപ്പോഴും അത് തിരിഞ്ഞ് കുത്താതെ രക്ഷപ്പെടാനും സുധാകരന് കഴിഞ്ഞു. വികസനം ഉയർത്തി കാണിച്ച് പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ പോയ പികെ ശ്രീമതിയെ കരിവാരിതേയ്ക്കാനും സുധാകരൻ ശ്രമം നടത്തി. ഫേസ്ബുക്കിലൂടെ നടന്ന ഈ പ്രചാരണത്തിൽ പക്ഷേ, ഒരു താക്കീതിലൊതുങ്ങി സുധാകരന് എതിരായ നടപടി. സിപിഎമ്മിനെതിരെ കള്ളവോട്ടക്രമണം നടത്തി അത് റീ പോളിങ്ങിൽ എത്തിക്കാൻ കഴിഞ്ഞപ്പോഴും ലീഗ് പ്രവർത്തകർ കള്ളവോട്ടിൽ കുടുങ്ങിയത് സുധാകരനെ അലോസരപ്പെടുത്തി. ചുരുക്കത്തിൽ പാളയത്തിൽ പടയില്ലാതെ പ്രചാരണം നടത്തിയ സുധാകരൻ, കിട്ടുന്ന അവസരങ്ങളെല്ലാം തന്‍റേതാക്കി മുന്നേറിയാണ് കണ്ണൂർ തിരിച്ചു പിടിച്ചത്.

ABOUT THE AUTHOR

...view details