കണ്ണൂര്‍: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ പരസ്യചിത്രം വിവാദമാകുന്നു. വീഡിയോ സ്ത്രീ വിരുദ്ധമാണെന്നാണ് ആക്ഷേപം. പരസ്യത്തില്‍ സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായി ചിത്രീകരിക്കുന്നെന്നും പുരുഷന്മാര്‍ മാത്രമാണ് നല്ലതെന്നുള്ള വേര്‍തിരിവുണ്ടാക്കുന്നെന്നും സിപിഎം ആരോപിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി.
കെ സുധാകരന്‍റെ പ്രചാരണ വീഡിയോ; സ്ത്രീകളെ ആക്ഷേപിച്ചെന്ന വിമര്‍ശനവുമായി സിപിഎം - യുഡിഎഫ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. വീഡിയോ സ്ത്രീകളെ ആക്ഷേപിക്കുന്നതെന്ന് സിപിഎം.
ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ പാർലമെന്‍റിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ലെന്ന അറിയിപ്പോടെയാണ് കെ സുധാകരന്‍ വീഡിയോ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മിനിറ്റ് 20 സെക്കന്‍റ് നീളുന്നതാണ് വീഡിയോ. സ്വത്ത് തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് പരോക്ഷമായി എതിര്‍ സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ വിമര്‍ശിക്കുന്നത്. 'ആണ്‍കുട്ടി'യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്ന് വീഡിയോയില്‍ പറയുന്നു. പാര്‍ലമെന്‍റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും കളിയാക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. "ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി" എന്ന് ഒരു കഥാപാത്രം പറയുന്നു.
പരസ്യചിത്രം കടുത്ത സ്ത്രീവിരുദ്ധവും സ്ത്രീസമൂഹത്തെ ആകെ അവഹേളിക്കുന്നതും ആണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും മന്ത്രിയായും എംപി ആയും വളരെ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ പി കെ ശ്രീമതി ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി. എന്നാൽ സ്ത്രീ വോട്ടർമാർക്കിടയിലെ തന്‍റെ സ്വീകാര്യത കുറക്കാനുള്ള സിപിഎം തന്ത്രമാണ് ഇതെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.