കണ്ണൂർ: മലയോര ജനതയുടെ ഏറെനാളത്തെ ആവശ്യമായിരുന്ന ഇരിട്ടി പുതിയ പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാൽ മറ്റ് ആഘോഷങ്ങളൊന്നുമില്ലാതെ കെഎസ്‌ടിപി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് യാത്ര ചെയ്താണ് പാലം ഉദ്ഘാടനം ചെയ്തത്. തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ ഏഴ് പാലങ്ങളില്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തേതുമാണ് ഇരിട്ടി പാലം.
യാത്രാക്ലേശത്തിന് പരിഹാരം ; ഇരിട്ടി പുതിയപാലം തുറന്നുകൊടുത്തു - പാലം
തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ ഏഴ് പാലങ്ങളില്‍ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തേതുമാണ് ഇരിട്ടി പാലം.
ഇരിട്ടി നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായതിൽ സന്തോഷമുണ്ടെന്ന് നഗരസഭ കൗൺസിലർ സമീർ പുന്നാട് പറഞ്ഞു. പാലം നിര്‍മാണം തുടങ്ങിയ സമയത്തുണ്ടായ പ്രളയത്തില്‍ പൈലിങ് അടക്കം ഒഴുകിപ്പോയിരുന്നു. രണ്ട് തവണയായുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ വിദഗ്ധരെ എത്തിച്ച് പൈലിങിന്‍റെ എണ്ണവും ആഴവും വര്‍ധിപ്പിച്ചാണ് പണി പൂര്‍ത്തിയാക്കിയത്.
ബ്രിട്ടീഷുകാര്‍ 1933 ല്‍ നിര്‍മ്മിച്ച പാലത്തിന് സമാന്തരമായാണ് ഇരിട്ടി പുതിയ പാലം. 48 മീറ്റര്‍ ഇടവിട്ട് മൂന്ന് സ്പാനുകളില്‍ തീര്‍ത്ത പാലത്തിന് 144 മീറ്റര്‍ നീളവും 12മീറ്റര്‍ വീതിയും 23 മീറ്റര്‍ ഉയരവുമാണുള്ളത്. ഇരുവശത്തും നടപ്പാതയും സോളാർ ലൈറ്റുകളുമുണ്ട്.