കണ്ണൂർ:പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിയുന്ന അംഗപരിമിതരായ ദമ്പതികൾക്ക് വീടിനുള്ള ആനുകൂല്യം ലഭിക്കാത്ത സംഭവത്തിൽ വിശദീകരണവുമായി പട്ടുവം ഗ്രാമപഞ്ചായത്ത് അധികൃതർ രംഗത്ത്. കുന്നരു കണിയൻ ചാലിലെ മീത്തൽ സഹദേവനും ഭാര്യ മോളിക്കും ആനുകൂല്യം ലഭിക്കാത്തത് ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതിനാലാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആനക്കീൽ ചന്ദ്രൻ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്ന അംഗപരിമിതരായ വൃദ്ധദമ്പതികളുടെ ദുരിതം സംബന്ധിച്ച് നേരത്തെ വാർത്ത നൽകിയിരുന്നു. പാരമ്പര്യമായി ലഭിച്ച 80 വർഷം പഴക്കമുള്ള വീട്ടിലാണ് മീത്തൽ സഹദേവനും ഭാര്യ മോളിയും കഴിയുന്നത്. മൺകട്ടയിൽ തീർത്ത ഓടുപാകിയ വീട് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഓടുകൾ പലതും പൊട്ടിയതിനാൽ മഴക്കാലത്ത് ചോർച്ചയുണ്ടാവുന്നുണ്ട്. ചുമരുകൾ വിണ്ടുകീറിയതിനാൽ ഏത് നിമിഷവും തകരാവുന്ന നിലയിലുമാണ് വീടുള്ളത്. കാലിന് ശേഷിക്കുറവുള്ളതിനാൽ സഹദേവന് നടക്കാൻ ഊന്നുവടിയുടെ സഹായം വേണം. ഭാര്യ മോളിക്ക് കാഴ്ച ശക്തിയും കുറവാണ്. വെള്ളമൊഴുകുന്ന ചാലിലൂടെയും കാടും കല്ലുകളും നിറഞ്ഞ പാതയിലൂടെയും നടന്ന് വേണം ഇവർക്ക് വീട്ടിലെത്താൻ. എന്നിട്ടും അടച്ചുറപ്പുള്ള വീടിനായി നടത്തുന്ന പരിശ്രമങ്ങൾക്ക് നേരെ അധികൃതർ മുഖം തിരിക്കുകയാണെന്നായിരുന്നു വീട്ടുകാരുടെ പരാതി.
അംഗപരിമിതരായ ദമ്പതികൾക്ക് വീടിനുള്ള ആനുകൂല്യം നൽകിയില്ല; ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ
ഒരു റേഷൻ കാർഡിന് ഒരു വീട് എന്നതും ഭൂമി 25 സെന്‍റിന് താഴെയായിരിക്കുക എന്നതുമാണ് ലൈഫ് മിഷനിൽ വീട് നൽകുന്നതിനുള്ള മാനദണ്ഡം. എന്നാൽ, സഹദേവന് 53 സെന്‍റ് സ്ഥലവും വീടുമുണ്ട്. അതിനാൽ ലൈഫ് മിഷന്‍റെ മാനദണ്ഡത്തിൽ സഹദേവൻ ഉൾപ്പെടില്ല.
ഈ സംഭവത്തിലാണ് വിശദീകരണവുമായി പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനക്കീൽ ചന്ദ്രൻ രംഗത്ത് വന്നത്. ഒരു റേഷൻ കാർഡിന് ഒരു വീട് എന്നതും ഭൂമി 25 സെന്‍റിന് താഴെയായിരിക്കുക എന്നതുമാണ് ലൈഫ് മിഷനിൽ വീട് നൽകുന്നതിനുള്ള മാനദണ്ഡം. എന്നാൽ, സഹദേവന് 53 സെന്‍റ് സ്ഥലവും വീടുമുണ്ട്. അതിനാൽ ലൈഫ് മിഷന്‍റെ മാനദണ്ഡത്തിൽ സഹദേവൻ ഉൾപ്പെടില്ല. അതിനാലാണ് ആനുകൂല്യം ലഭിക്കാതിരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. അതേസമയം, നിലവിൽ ജീർണ്ണിച്ച വീടുകൾക്ക് കൂടി സഹായം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് സഹദേവൻ വീടിനായി വീണ്ടും അപേക്ഷ നൽകിയിട്ടുണ്ടെന്നും ആനക്കീൽ ചന്ദ്രൻ വ്യക്തമാക്കി.