കണ്ണൂര്‍:കൊവിഡ് കാലത്ത് പൊതു സമ്പർക്കം ഒഴിവാക്കാനായി സൈക്കിൾ ചവിട്ടി ജോലിക്കെത്തുകയാണ് ഒരു ഹോം ഗാർഡ് ഉദ്യോഗസ്ഥൻ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ വി.വി പവിത്രനാണ് സൈക്കിളിൽ സഞ്ചരിച്ച് ജോലിക്കെത്തി മാതൃകയാവുന്നത്. ദിവസവും 20 കിലോ മീറ്ററാണ് ഔദ്യോഗിക കൃത്യനിർവഹണത്തിന് എത്താനായി വി.വി പവിത്രൻ സൈക്കിളിൽ താണ്ടുന്നത്. രാവിലെ കൊട്ടില ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ വീട്ടിൽ നിന്നും 10 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്.
കൊവിഡ് കാലത്ത് സൈക്കിൾ ചവിട്ടി ഹോം ഗാർഡ് ഉദ്യോഗസ്ഥൻ
തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ വി.വി പവിത്രനാണ് സൈക്കിളിൽ സഞ്ചരിച്ച് ജോലിക്കെത്തി മാതൃകയാവുന്നത്.
ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയും സൈക്കിളിൽ തന്നെയാണ്. നേരത്തെ ബസിലായിരുന്നു പവിത്രന്‍റെ യാത്ര . എന്നാൽ കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സൈക്കിളെടുത്ത് ജോലിക്ക് പോകാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. പവിത്രൻ കഴിഞ്ഞ അഞ്ചര മാസമായി ഈ സൈക്കിൾ യാത്ര തുടരുകയാണ്. 10 വർഷത്തോളമായി ഹോം ഗാർഡ് എന്ന നിലയിൽ സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. ഇതിൽ ഏഴ് വർഷവും ജോലി ചെയ്തത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ്. പയ്യന്നൂർ, കണ്ണപുരം, കണ്ണൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും ഈ മുൻകരസേന ഉദ്യോഗസ്ഥൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്‍റെയും സമൂഹത്തിന്‍റെ സുരക്ഷ കണക്കിലെടുത്തുള്ള പവിത്രന്‍റെ ഈ മാതൃകാപരമായ തീരുമാനത്തെ എല്ലാവരും അഭിനന്ദിക്കുകയാണ്.