കേരളം

kerala

ETV Bharat / state

ഫ്രഞ്ച് വിപ്ലവ സ്‌മാരകമായ മരിയാന്‍; ഇത് ഫ്രഞ്ചുകാരുടെ ഉറുക്ക് കെട്ടലിന്‍റെ കഥ; ചരിത്രത്തിലേക്കൊരു എത്തിനോട്ടം - kerala news updates

Tagore Park In Mahi: കണ്ണൂരിലെ ഫ്രഞ്ച് വിപ്ലവത്തിന്‍റെ ജ്വലിക്കുന്ന സ്‌മാരകമായി മരിയാന്‍ പ്രതിമ. ഫ്രഞ്ച് വിപ്ലവ കാലത്തെ ചരിത്രങ്ങളറിയാം. ടാഗോര്‍ പാര്‍ക്കിലെ മരിയാന്‍ പ്രതിമ ഇന്നും അതേ പ്രൗഡിയോടെ.

mariyan  History Of Marian statue in Kannur  History Of Marian statue in Kannur  ഫ്രഞ്ച് വിപ്ലവ സ്‌മാരകമായ മരിയാന്‍  ഇത് ഫ്രഞ്ചുകാരുടെ ഉറുക്ക് കെട്ടലിന്‍റെ കഥ  ചരിത്രത്തിലേക്കൊരു എത്തിനോട്ടം  Tagore Park In Mahi  മരിയാന്‍ പ്രതിമ  മാഹി ടാഗോര്‍ പാര്‍ക്ക്  kerala news updates  latest news in kannur
History Of Marian Statue In Kannur

By ETV Bharat Kerala Team

Published : Nov 11, 2023, 8:45 PM IST

ഫ്രഞ്ച് വിപ്ലവത്തിന്‍റെ ജ്വലിക്കുന്ന സ്‌മാരകമായി മരിയാന്‍ പ്രതിമ

കണ്ണൂര്‍: മാഹി ടാഗോര്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികളില്‍ മിക്കവര്‍ക്കും അറിയാത്ത ഒരു ശില്‍പ്പമുണ്ട് ഇവിടെ. അതീവ പ്രൗഢിയോടെ ഇന്നും നില കൊള്ളുന്ന മരിയാന്‍ പ്രതിമ. മാഹിയിലെ ഫ്രഞ്ച് പൗരന്മാര്‍ക്ക് ഇത് വെറുമൊരു പ്രതിമയല്ല. അനശ്വരമായ ഫ്രഞ്ച് വിപ്ലവത്തിന്‍റെ ജ്വലിക്കുന്ന സ്‌മാരകം കൂടിയാണ്.

മാഹി ഫ്രഞ്ചുകാരുടെ കോളനിയായിരുന്നപ്പോഴാണ് മരിയാന്‍ പ്രതിമ ഇവിടെ സ്ഥാപിക്കപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികത്തിലായിരുന്നു മാഹിയില്‍ ഈ പ്രതിമയുടെ സ്ഥാപനം. പ്രതിമയുടെ ശില്‍പ്പികള്‍ ഷാര്‍ലെ ഗൊത്തിയോയും, ഴാക്ക് ഫ്രാന്‍സ് സായിപ്പുമാണ്. ടാഗോര്‍ പാര്‍ക്കില്‍ സര്‍വ്വ ആദരവോടും കൂടിയാണ് മരിയാന്‍ പ്രതിമ പരിപാലിക്കപ്പെടുന്നത്.

ഫ്രഞ്ച് വിപ്ലവത്തിന്‍റെ സ്‌മാരകമെങ്കിലും മയ്യഴിക്കാരെല്ലാം തങ്ങളുടെ ദേവതയുടെ സ്ഥാനമാണ് മരിയാന്നിന് നല്‍കിപ്പോരുന്നത്. ഫ്രഞ്ച് വിപ്ലവം വിജയിച്ചതോടെ രാജാവിനെതിരെ പോരാടിയതിന്‍റെ പ്രതീകമായാണ് മരിയാന്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. 1789 ലാണ് ഫ്രഞ്ച് വിപ്ലവം നടന്നത്. വിപ്ലവത്തിന്‍റെ ശതാബ്‌ദി ആഘോഷിച്ചു കൊണ്ട് 1889 ഡിസംബറിലാണ് പ്രതിമ സ്ഥാപിച്ചത്.

തങ്ങളുടെ നാട്ടില്‍ പണിത മരിയാന്‍ പ്രതിമ ഏറെ കഷ്‌ടപ്പെട്ടാണ് ഫ്രഞ്ചുകാര്‍ മാഹിയിലെത്തിച്ചത്. ഫ്രാന്‍സില്‍ രൂപ കല്‍പ്പന ചെയ്‌ത് നിര്‍മ്മിച്ച ഈ സ്വാതന്ത്ര്യ സ്‌തൂപം കപ്പല്‍ വഴി മാഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രതിമയില്‍ റോമാക്കാരുടെ സ്വാതന്ത്ര്യ ചിഹ്നമായ ഫ്രീജിയന്‍ തൊപ്പിയും ശാന്തിയുടെ അടയാളമായ ഓക്ക് -ഒലീവ് ഇലകള്‍ കൊണ്ടുള്ള മാലയും അണിയിച്ചിട്ടുണ്ട്.

ദേശീയ പ്രസ്ഥാനം സജീവമായ വേളയില്‍, ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിനിടെ ഒരിക്കല്‍ മരിയാന്‍ പ്രതിമ മയ്യഴി പുഴയിലേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന ഒരാളുടെ പരാക്രമത്തിനും മരിയാന്‍ പ്രതിമ ഇരയായി. അന്ന് തല തല്ലിപ്പൊട്ടിച്ച് ഈ പ്രതിമ മയ്യഴി പുഴയിലേക്ക് എറിയപ്പെടുകയായിരുന്നു. രണ്ട് തവണ മാഹി പുഴയില്‍ പതിച്ച പ്രതിമ മയ്യഴി ഭരണ കൂടം വീണ്ടും സ്ഥാപിക്കുകയായിരുന്നു.

മയ്യഴിയിലെ ഫ്രഞ്ച് പൗരന്‍മാര്‍ ജൂലായ് 14 നും നവംബര്‍ 11 ന്‍റെ ലിബറേഷന്‍ ദിനത്തിലും മരിയാന്‍ പ്രതിമക്ക് മുന്നിലെത്തി ദേശീയ ഗാനം ആലപിക്കുന്നത് പതിവാണ്. അര്‍ഹിക്കുന്ന ആദരവോടെയാണ് മയ്യഴിക്കാരും ഇതൊക്കെ നോക്കിക്കാണാറുള്ളത്. എന്നാല്‍ മരിയാന്‍ പ്രതിമക്ക് കണ്ണു കൊള്ളാതിരിക്കാന്‍ ഫ്രഞ്ചുകാര്‍ രക്ഷ കെട്ടിയ കഥ അധികം ആര്‍ക്കും അറിയില്ല.

ഗ്രീക്ക് ഇതിഹാസ കഥകളിലെ മെഡൂസയുടെ തലയാണ് മരിയാന്‍ പ്രതിമയെ സംരക്ഷിക്കാന്‍ കെട്ടിയിട്ടുളളത്. ഗ്രീക്ക് കഥയിലെ സ്ത്രീ പിശാചുക്കളായ മൂന്ന് പേരില്‍ ഉഗ്ര രൂപിണിയാണ് മെഡൂസ. തലമുടി പാമ്പുകളായി ഇഴയുന്ന തരത്തിലാണ് രൂപം. തുറിച്ച കണ്ണുകളുള്ള മെഡൂസയുടെ ദൃഷ്‌ടിയില്‍ പെട്ടാല്‍ ശിലയായി മാറുമെന്നാണ് വിശ്വാസം.

സമുദ്ര ദേവനായ പൊസൈഡോണ്‍ ത്രിശൂലമേന്തി നീരാളിയുടെ വേഷത്തില്‍ മെഡൂസയുടെ തല കൊയ്‌തെടുത്തെന്നാണ് വിശ്വാസം. കാലമേറെ കഴിഞ്ഞിട്ടും മെഡൂസ മയ്യഴിക്കാരുടെ പൊട്ടക്കണ്ണിയായി മരിയാന്‍ പ്രതിമയെ സംരക്ഷിക്കുന്നു. മോണാലിസയുടെ മുഖശ്രീ അഴകുളള മരിയാന്‍ സ്‌തൂപത്തില്‍ പിശാചിന്‍റെ മുഖം പതിപ്പിച്ചതിന് കാരണമെന്തെന്ന് ഏറെക്കാലമായി തെരയുന്നവര്‍ക്കുള്ള ഉത്തരം ഇതാണ്. പ്രതിമയും തറയില്‍ ഉറപ്പിച്ച് വച്ച ചതുര സ്‌തംഭവും കൂടിച്ചേരുന്നിടത്താണ് ഉറുക്ക് കെട്ടി വച്ചതിന് സമാനമായി സ്‌തംഭത്തിന്‍റെ നാല് ഭാഗത്തും മെഡൂസയുടെ രൂപം കൊത്തി വച്ചിട്ടുളളത്. മലയാളികള്‍ കണ്ണേറില്‍ വിശ്വസിച്ചു കൊണ്ട് രൂപങ്ങളും ചിത്രങ്ങളും വയ്‌ക്കുന്ന പതിവുണ്ട്. അതിന്‍റെ യൂറോപ്യന്‍ പകര്‍പ്പാണ് മെഡൂസയുടെ രൂപത്തില്‍ ഫ്രഞ്ചുകാര്‍ കൊത്തിവച്ചിരിക്കുന്നത്. അങ്ങിനെയാണ് മരിയാന്നിലൂടെ മെഡൂസയും മാഹിയിലെത്തിയത്.

Also Read:'എന്നും സച്ചിനെ കാണാം'...വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രതിമ അനാച്ഛാദനം ചെയ്‌തു; വര്‍ണാഭമായ ചടങ്ങിന് സകുടുംബമെത്തി താരം

ABOUT THE AUTHOR

...view details