കണ്ണൂർ:കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുള്ള കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയം. ഉളിക്കല്‍ പഞ്ചായത്തിനോട് ചേര്‍ന്നുള്ള മേഖലയിലാണ് ഉരുള്‍പൊട്ടല്‍ സംശയമുള്ളത്. മണിക്കടവ്, വയത്തൂർ, വടിയാതോട് മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
മണിക്കടവ് പുഴയിലെ ചപ്പാത്തും കോളയാട് കടവ് പാലവും വെള്ളത്തിനടിയിലായി. മണിക്കടവിൽ കടകളിലും വീടുകളിലും വെള്ളം കയറി. മലയോര മേഖലയിലെ പുഴകളിൽ മലവെള്ളപ്പാച്ചിൽ തുടരുകയാണ്.
ചന്ദനക്കാംപാറ പുഴയില്‍ ജലനിരപ്പ് ഉയർന്ന് റോഡുകളും പാലങ്ങളും മുങ്ങി ഗതാഗതം തടസപ്പെട്ടു. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വണ്ണായിക്കടവ് പാലത്തിന്‍റെ കൈവരി ശക്തമായ മലവെള്ളപ്പാച്ചിലിൽ തകർന്നു. മലയോര മേഖലയിൽ നിരവധി സ്ഥലങ്ങളിൽ നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇരിട്ടി- പേരാവൂർ റോട്ടിൽ മരം വീണ് ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി:ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടി, ICSE/CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം അടക്കമുള്ളവയ്‌ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ഗുജറാത്തില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം:കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഗുജറാത്തില്‍ വ്യാപക നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജുനഗഡില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. കെട്ടിട അവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട ഒരു കുടുംബത്തിലെ ഒന്‍പത് പേരെ പുറത്തെടുത്തു.