കണ്ണൂര്‍:നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. വളപട്ടണത്ത് നിന്ന് റെയിൽവേ ട്രാക്കിലൂടെ നടന്നെത്തിയ നൂറുകണക്കിന് യു.പി സ്വദേശികളാണ് പ്രതിഷേധിച്ചത്. ക്യാമ്പിൽ ഭക്ഷണം കിട്ടുന്നില്ലെന്നും പട്ടിണി കിടക്കാൻ കഴിയാത്തതുകൊണ്ടാണ് തെരുവിലിറങ്ങിയതെന്നും പ്രതിഷേധക്കാർ പറയുന്നു. പൊലീസും ജില്ല ഭരണകൂടവും ഇടപെട്ടാണ് ഇവരെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചത്.
കണ്ണൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം
ക്യാമ്പിൽ ഭക്ഷണം കിട്ടുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ട് റെയിൽവേ ട്രാക്കിലൂടെ എട്ട് കിലോമീറ്ററോളം നടന്നെത്തിയാണ് തൊഴിലാളി പ്രതിഷേധിച്ചത്
വളപട്ടണത്ത് നിന്ന് റെയിൽവേ ട്രാക്കിലൂടെ എട്ട് കിലോമീറ്ററോളം നടന്നാണ് തൊഴിലാളികള്‍ കണ്ണൂർ റെയില്‍വേ സ്റ്റേഷനിലേക്കെത്തിയത്. ഇവരെ പൊലീസ് തടഞ്ഞതിന് പിന്നാലെ സ്ഥലത്തെത്തിയ തഹസിൽദാർ പ്രതിഷേധക്കാരുമായി സംസാരിച്ചു. ആവശ്യത്തിന് ട്രെയിൻ ലഭിച്ചാൽ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് തഹസിൽദാർ ഉറപ്പു നൽകി. ക്യാമ്പിൽ ഭക്ഷണമെത്തുന്നില്ലെന്ന പരാതി അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയാല്‍ മടങ്ങാമെന്ന നിലപാടില്‍ നിന്ന തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസില്‍ തിരിച്ചയക്കുകയായിരുന്നു.