കണ്ണൂർ:കേരളത്തിൽ വിമാനത്താവളങ്ങളിൽ സ്വർണം പിടികൂടുന്നതും വാർത്തയാവുന്നതും പുതിയ സംഭവമല്ല. പക്ഷെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച നടന്ന സ്വര്‍ണ വേട്ടയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. കസ്റ്റംസിനെ വെട്ടിച്ച് മറികടക്കാൻ ശ്രമിച്ച സ്വർണ കടത്തുകാർക്ക് പൂട്ടിട്ടത് കേരള പൊലീസ് ആണ്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പൊലീസ് പിടികൂടിയ സ്വര്‍ണം മട്ടന്നൂർ എയർപോർട്ട് പൊലീസാണ് സംഭവത്തിനു പിന്നില്‍. ശനിയാഴ്ച പുലർച്ചെയാണ് കൂത്തുപറമ്പ് നരവൂർ സ്വദേശി നസീം അഹമ്മദിനെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പൊലീസ് പിടികൂടുന്നത്. 38 ലക്ഷം രൂപ വിലവരുന്ന 850 ഗ്രാം സ്വർണമാണ് എയർ ഇന്ത്യ എക്പ്രസിൽ ഇയാൾ കടത്താൻ ശ്രമിച്ചത്.
സ്വര്‍ണം മിശ്രിതമാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ എക്‌സറേയിലൂടെയാണ് സ്വർണം കണ്ടെത്തിയതെന്ന് മട്ടന്നൂർ വിമാനത്താവളം സി.ഐ കുട്ടികൃഷ്‌ണൻ പറഞ്ഞു.
വിമാനത്താവളത്തിലെത്തിയ കാസർകോട് പാനൂർ സ്വദേശികളിൽ നിന്നും കഴിഞ്ഞ ദിവസം 40 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിൽ എത്തിയ കാസർഗോഡ് സ്വദേശിയിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 849.3 ഗ്രാം സ്വർണവും, അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിൽ എത്തിയ പാനൂർ സ്വദേശിയിൽ നിന്ന് എമർജൻസി ലൈറ്റിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1867 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് സംഘം പിടിച്ചെടുത്തിരുന്നത്. വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.