കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ടാക്‌സി വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഒരുക്കാൻ തീരുമാനിച്ച് ജില്ലാ ഭരണകൂടം. ടാക്‌സി വാഹനങ്ങളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും തമ്മില്‍ വേര്‍തിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സംവിധാനമാണ് ജില്ലയില്‍ ഒരുക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സർക്കാർ ഒരുക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് ടാക്‌സികളിലെ യാത്ര സുരക്ഷിതമാക്കാൻ ജില്ലാ ഭരണകൂടം തയാറെടുക്കുന്നത്. വാഹനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാര്‍ക്ക് ഡ്രൈവര്‍ സാനിറ്റെസര്‍ നല്‍കും. വാഹനത്തിന്‍റെ ഡോര്‍ ഡ്രൈവര്‍ തന്നെ തുറന്ന് നല്‍കുകയും ചെയ്യും. പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരില്ല. അതിനാല്‍ ഡ്രൈവര്‍ക്ക് രോഗബാധ ഉണ്ടാകാതെ തടയാനാകുമെന്ന് കണ്ണൂർ ആർടിഒ ഇ.ഉണ്ണികൃഷ്ണൻ പറഞ്ഞു.
യാത്ര ചെയ്യാം സുരക്ഷിതമായി; കണ്ണൂരും ടാക്‌സികളില്‍ ഫൈബർ ക്ലിയർ ഗ്ലാസ്
ടാക്‌സി വാഹനങ്ങളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും തമ്മില്‍ വേര്‍തിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സംവിധാനമാണ് ജില്ലയില്‍ ഒരുക്കുന്നത്
ഒരു വർഷക്കാലത്തേക്കാണ് ഈ സംവിധാനം. ചെറു ടാക്‌സികളിൽ രണ്ട് യാത്രക്കാരെയും ഏഴ് പേർ യാത്ര ചെയ്യുന്ന വലിയ കാറുകളിൽ നാല് യാത്രക്കാരെയുമാണ് അനുവദിക്കുക. മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കാനും പാടില്ല. അതേസമയം, ഡ്രൈവര്‍ക്ക് മാസ്‌കിനൊപ്പം ഗ്ലൗസും നിര്‍ബന്ധമാണ്. ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള സമ്പർക്കം പരിമിതപ്പെടുത്തുക വഴി രോഗ രഹിത സുരക്ഷിത യാത്രക്കാണ് ജില്ലാ ഭരണ കൂടം ലക്ഷ്യമിടുന്നത്.