കണ്ണൂര്‍:പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമ സ്റ്റൈൽ യുദ്ധമായിരുന്നു വെള്ളിയാഴ്ച (03.11.2023) അർധ രാത്രിയിൽ ചിറക്കൽ ചിറയ്ക്ക് സമീപമുള്ള, നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ് പറയുന്ന റോഷന്റെ വീട്ടിൽ അരങ്ങേറിയത്.
സംഭവം ഇങ്ങനെ: അടച്ചിട്ട വീട്. മുകളിലും താഴെയുമായി രണ്ട് പട്ടികൾ. അർധ രാത്രിയോടടുക്കുന്ന സമയം. ചുവന്ന ബീക്കണ്‍ ലൈറ്റുമിട്ട് ഡിവൈഎസ്പിയും വളപട്ടണം എസ്ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കുതിച്ചു പാഞ്ഞു. പൊലീസിന്റെ ലക്ഷ്യം റോഷനിലേക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ പിതാവ് തോമസും ഭാര്യയും കതകുകൾ ഒന്നുകൂടി ശക്തിയായി അടച്ചു.
തോമസാവട്ടെ കയ്യിലുള്ള രണ്ട് തോക്കുകളും തയ്യാറാക്കി എന്തിനെയും നേരിടാൻ സജ്ജമായി. രണ്ടുതവണ പൊലീസ് കതക് തട്ടിയെങ്കിലും അവർക്ക് ഒരു കൂസലുമുണ്ടായില്ല. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകളിലെ നിലയിലെത്തി. പോലീസ് റോഷനെ പിടികൂടാതെ പിന്മാറില്ലെന്ന് കണ്ടതോടെ തോമസ് തന്റെ അക്രമ മുഖം പുറത്തെടുത്ത് വെടിയുതിർത്തു. ഒന്നല്ല മൂന്ന് തവണ.