തലശ്ശേരിയിൽ വീട്ടമ്മയുടെ കണ്ണിൽ നിന്നും അപൂർവ്വ വിരയെ പുറത്തെടുത്തു
തെരുവ് നായ്ക്കളില്‍ നിന്നും കൊതുക് വഴി മനുഷ്യ ശരീരത്തിലെത്തിയ വിരയാണിത്. ജാഗ്രത വേണമെന്ന് ഡോക്ടര്‍മാര്‍
അസഹ്യമായ കണ്ണ് വേദനയുമായി ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ ഇടത് കണ്ണിൽ നിന്നും നേത്രരോഗ വിദഗ്ദർ പുറത്തെടുത്തത് അപൂർവ്വ വിര. തലശ്ശേരി വീനസ് കോർണറിലെ സിറ്റി സെന്‍ററിൽപ്രവർത്തിക്കുന്ന കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ സീനിയർ സർജൻ ഡോ.ശ്രീനിയുംകൺസൾട്ടന്‍റ് സർജൻ ഡോ.ഗോപി ശ്രീയുമാണ് മാഹി സ്വദേശിയായ എഴുപത്തേഴുകാരിയുടെ കണ്ണിൽ നിന്നും ഏതാണ്ട് 15 സെന്‍റിമീറ്ററോളം നീളമുള്ള ഡയറോ ഫിലാറിം ഗണത്തിൽപെട്ട വിരയെ നീക്കം ചെയ്തത്. സാധാരണയായി നായ്കളിൽ മാത്രം കണ്ടു വരുന്ന വിര മനുഷ്യ നേത്രങ്ങളിൽ അത്യപൂർവ്വമായി മാത്രമേ കാണപ്പെടാറുള്ളൂവെന്ന് ഡോക്ടർ ശ്രീനി പറഞ്ഞു. ഏതാനും ദിവസം മുൻപ് സമാന രീതിയിലുള്ള വിര ധർമ്മടം സ്വദേശിയിലും കണ്ടെത്തിയിരുന്നതായി ഡോക്ടർ പറഞ്ഞു. പ്രസ്തുത വിരയ്ക്ക് ഏതാണ്ട് 25 സെന്‍റിമീറ്റർ നീളമുണ്ടായിരുന്നു. അന്വേഷണം നടത്തിയതിൽ ഇരു സ്ത്രീകളുടെയും വീടുകളിൽ നായ്ക്കളെ വളർത്തുന്നില്ല. ഈ സാഹചര്യത്തിൽ തെരുവ് നായ്കളിൽ നിന്നാകാം വിരയുടെ മുട്ട സ്ത്രീകളുടെ കണ്ണുകളിൽ എത്തിയതെന്ന് അനുമാനിക്കുന്നു. കൊതുക് കടിയിലൂടെ രക്തത്തിൽ കടക്കുകയും ക്രമേണ കണ്ണിൽ എത്തിയതുമാവാം എന്നാണ് നിഗമനം. നാട്ടിലാകെ തെരുവ് നായകൾ പെരുകിവരുന്നതിനാൽ ഏറെ ജാഗ്രത വേണമെന്നും കണ്ണുകളിൽ അസ്വസ്ഥതയും അസ്വാഭാവികതയും അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ഡോക്ടർമാരെ സമീപിക്കണമെന്നും നേത്രരോഗ വിദഗ്ദൻ അറിയിച്ചു.