കണ്ണൂർ: എടൂർ സെന്‍റ് ജോസഫ് സ്‌കൂളിലെ ഹയർ സെക്കന്‍ററി വിദ്യാർത്ഥികളായ ജോ മാത്യുവും ജൂഡ് സന്തോഷും (Joe Mathew, Jude Santosh) ഇത്തവണ കണ്ണൂരിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ എത്തിയത് വാഹനങ്ങളിലെ അപകടങ്ങൾ എങ്ങനെ കുറക്കാം എന്ന ആശയവുമായാണ്. യാത്രാ മദ്ധ്യേ ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) ചാർജ് തീര്‍ന്ന് വഴിയില്‍ നിന്നുപോകുന്നതും, അവയിലുണ്ടാകുന്ന തീപ്പിടുത്തവും അടക്കം, നിരത്തിലിറങ്ങുന്ന വാഹനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികള്‍ക്കാണ് ഈ കൊച്ചുമിടുക്കര്‍ പരിഹാരം കണ്ടിരിക്കുന്നത് (EV Being Charged While Running- Genious Invention Of School Students At Science Fair).
ഇലട്രിക് വാഹനങ്ങൾ റോഡ് കീഴടക്കുന്ന കാലമാണിത്. വൈദ്യുതിയിലോടുന്ന ബൈക്കും കാറും ലോറിയും ഉൾപ്പെടെ നിരത്തിൽ സജീവമാണെങ്കിലും ഇവ ചാർജ് ചെയ്യാനുള്ള പോർട്ടുകളുടെ കുറവ് റോഡുവക്കിൽ പ്രകടമാണ്. ഇക്കാരണത്താൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് തീർന്ന് വഴിയിൽ കിടക്കുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ജോയും ജൂഡും ഇതിനു പരിഹാരം ഒരുക്കിയത് റോഡിൽ ചാർജിങ് കോയിൽ ഒരുക്കിക്കൊണ്ടാണ്. റോഡുകളിൽ സ്ഥാപിക്കുന്ന കോയിൽ വാഹനത്തിലുള്ള കോയിലിലെ സെൻസറുമായ് സമ്പര്‍ക്കത്തില്‍ വന്നാല്‍ വണ്ടികള്‍ ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യപ്പെടുന്ന സംവിധാനമാണിത്.
ഇത് എങ്ങനെ തയ്യാറാക്കും എന്നതിലും കുട്ടികള്‍ക്ക് പരിഹാരമുണ്ട്. ഒറ്റ തവണ മാത്രമാണ് റോഡിൽ കോയിൽ നിർമ്മിക്കാൻ ചെലവ് വരുന്നതെന്നും പിന്നീട് ആജീവനാന്തം ഇതിലൂടെ ചാർജ് ചെയ്യാമെന്നും, ഇതിന്‍റെ വാടകയായി സർക്കാരിന് വാഹന ഉടമകളിൽ നിന്ന് തുക ഈടാക്കാമെന്നും ഇവർ സമർഥിക്കുന്നു. തങ്ങൾ ഊർജതന്ത്രത്തിൽ പഠിച്ച മ്യൂച്വല്‍ ഇൻഡക്ഷൻ ഉപയോഗിച്ചാണ് ഇതിന്‍റെ പ്രവർത്തനം എന്നും കുട്ടികൾ പറയുന്നു.