കണ്ണൂര്‍:ജില്ലയില്‍ കൊവിഡ് വ്യാപനമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ഓരോ വ്യക്തിയും ശരിയായ രീതിയില്‍ കൊവിഡ് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായാല്‍ മാത്രമേ വൈറസിന്‍റെ വ്യാപനം തടയാനാവൂ . നിയന്ത്രണങ്ങളില്‍ ഇളവുണ്ടെന്നു കരുതി അത് ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ല.
കണ്ണൂരില്‍ കൊവിഡ് വ്യാപനമെന്ന് മന്ത്രി ഇ.പി ജയരാജൻ ഭൂരിപക്ഷം ആളുകളും ക്വാറന്‍റൈന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അതിന് അപവാദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ക്വാറന്‍റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കുടുംബത്തിന്‍റെയും നാട്ടുകാരുടെയും സുരക്ഷയാണ് അപകടപ്പെടുത്തുന്നത് എന്ന തിരിച്ചറിവുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.
ഇക്കാര്യത്തില്‍ താഴേത്തട്ടില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ ജാഗ്രത പുലര്‍ത്തണം. തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഹോം ക്വാറന്റൈന്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്പര്‍ക്ക പട്ടിക വളരെ വലുതാണ്. ഇത് രോഗവ്യാപന സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു.
രോഗവ്യാപനം തടയാന്‍ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ കൂടിയേതീരൂ. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ലെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണെന്നുമുള്ള തിരിച്ചറിവുണ്ടാകണം. വ്യാപന ഭീഷണി ഇല്ലാതാവുന്നതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവരും സംബന്ധിച്ചു.